എൺപത്തി നാല് ജനുവരി 25 നു പിപി ശശീന്ദ്രൻ , പിഎഎം ഹാരിസ് എന്നിവരോടോപ്പമാണ് ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ചേരുന്നത്. രണ്ടു വർഷം ഞങ്ങൾ ട്രെയിനികൾ ആയിരുന്നു. സ്റ്റൈപ്പന്റ് 475 രൂപ. അക്കാലത്തു ശമ്പളം വിതരണം ചെയ്തിരുന്നത് അറ്റൻഡർമാർ ഡെസ്കിൽ കൊണ്ടുവന്നു രെജിസ്റ്ററിൽ ഒപ്പിടീച്ചു കവർ നൽകിയാണ് .
ഒരിക്കൽ ഞങ്ങൾ മൂന്നു പേരും (അതോ ഞാനും ശശിയും മാത്രമോ) ഡെസ്കിൽ ഉള്ളപ്പോൾ ബോണസ് വിതരണം ഇതുപോലെ നടന്നു. ഞങ്ങൾ ട്രെയിനികൾ ആയതുകൊണ്ട് ഞങ്ങൾക്ക് അതില്ല. പതിവില്ലാതെ എല്ലാവരും കാശ് വാങ്ങി എണ്ണുന്നതും ഞങ്ങൾ വെറുതെ നോക്കിയിരിക്കുന്നതും ശ്രദ്ധിച്ച കുഞ്ഞബ്ദുള്ള സാഹിബ്ബിനു വല്ലാത്ത വിഷമമായി . അദ്ദേഹം എഴുന്നേറ്റു എങ്ങോട്ടോ പോയി.
പിന്നീടാണ് മനസ്സിലായത് അന്നത്തെ ഡെപ്യൂട്ടി എഡിറ്ററും സാഹിബ്ബിന്റെ അടുത്ത സുഹൃത്തുമായ വി എം കൊറാത്തിനെ കണ്ട്, ആ കുട്ടികൾക്ക് എന്തെങ്കിലും കൊടുക്കണം എന്ന് അദ്ദേഹം പറഞ്ഞു. കൊറാത്ത് അത് അതെ ഗൗരവത്തിൽ എംഡി യോട് പറയുകയും ഞങ്ങൾക്ക് എക്സ് ഗ്രേഷ്യ അലവൻസ് ആയി 140 രൂപ നൽകുകയും ചെയ്തു. അന്ന് കുഞ്ഞബ്ദുള്ള സാഹിബ് മുൻകൈ എടുത്തു നടപ്പിൽ വന്ന ആ സമ്പ്രദായം മാതൃഭൂമി ഇപ്പോഴും തുടർന്ന് പോരുന്നു. സംഖ്യയിൽ വ്യത്യാസമുണ്ടെന്ന് മാത്രം.
കോഴിക്കോട് പൊതുവെ നല്ല മനുഷ്യരായിരുന്നു. നല്ല ഹൃദയമുള്ളവർ. എനിക്ക് അവിടെ മാനസികമായി വളരെ നല്ലതു ആയിരുന്നുവെങ്കിലും ആരോഗ്യകരമായി ക്ലേശങ്ങളുടെ സ്ഥലമായിരുന്നു. എഡിറ്റോറിയൽ വിഭാഗത്തിൽ എങ്ങനെ നല്ല നേതൃത്വം നൽകാം എന്ന് കോഴിക്കോട്ടെ കളരി പഠിപ്പിച്ചു. കുഞ്ഞബ്ദുള്ള സാഹിബ് അവിടെ മാതൃഭൂമി ഓഫീസിനരികെ കുറ്റിച്ചിറയിലാണ് താമസിച്ചിരുന്നത്. സ്വദേശം കണ്ണൂർ.