സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് സീറ്റിനു അഞ്ചു ലക്ഷം ഫീസ് എന്ന് ഹൈക്കോടതി ഇന്ന് തീരുമാനിച്ചുവെങ്കിലും ആറ് ലക്ഷം രൂപയുടെ ബോണ്ടും വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. അതായത് ഫീസ് ആയി അഞ്ചു ലക്ഷം രൂപ തൽക്കാലം അടച്ചാൽ മതി. പക്ഷെ ഫീസ് നിർണ്ണയ സമിതി ഫീസ് അന്തിമമായി തീരുമാനിക്കുമ്പോൾ 11 ലക്ഷം ആയാൽ ബാക്കി ആറു ലക്ഷം കൂടി നല്കിക്കൊള്ളാമെന്ന സമ്മതപത്രം. ഇതിങ്ങനെ ഹൈക്കോടതിക്കു പറയേണ്ടി വന്നത് സുപ്രീം കോടതി പതിനൊന്നു ലക്ഷം ഫീസ് രണ്ടു കൊളേജുകൾക്ക് അനുവദിച്ചതുകൊണ്ടാണ് .
ബോണ്ട് എന്ന് പറയുന്നത് എന്താണെന്ന് എനിക്ക് തന്നെ സംശയം വന്നപ്പോൾ ഞാൻ പ്രവേശന മേൽനോട്ട സമിതി മുൻ അധ്യക്ഷൻ ജസ്റ്റിസ് ജെ എം ജെയിംസിനെയും മുൻ എൻട്രൻസ് കമ്മിഷണർ മാവോജിയെയും വിളിച്ചു വിശദീകരണം ചോദിച്ചു. ജസ്റ്റിസ് ജെയിംസ് ഹൈക്കോടതി ജഡ്ജിയായിരുന്നതു കൊണ്ടും മാവോജി ദീർഘകാലം എൻട്രൻസ് കമ്മിഷണർ സ്ഥാനം വഹിച്ചിരുന്ന വ്യക്തി ആയിരുന്നത് കൊണ്ടും ആണ് അങ്ങനെ ചെയ്തത്. രണ്ടു പേരും പറഞ്ഞത് ഒരേ മറുപടിയാണ്. അതുകൊണ്ടു സംശയമില്ല.
ഇനി പ്രവേശന മേൽനോട്ട സമിതിയാണ് ഫീസ് അന്തിമമായി തീരുമാനിക്കേണ്ടത്. ഫീസ് ആറ് ലക്ഷം എന്ന് തീരുമാനിച്ചാൽ അധികം തുകയായ ഒരു ലക്ഷം കുട്ടികൾ അടക്കേണ്ടി വരും. അതേസമയം , രണ്ടാം അല്ലോട്മെന്റിൽ ഇതിനകം സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ചേർന്ന കുട്ടികൾ അഞ്ചു ലക്ഷം രൂപയെ അടച്ചു കാണു. അവർ ബോണ്ട് കൊടുത്തിരിക്കുകയുമില്ല. അവരുടെ കയ്യിൽ നിന്ന് ഇനി ബോണ്ട് ആവശ്യപ്പെട്ടാൽ അതിനു നിയമ പ്രാബല്യം ഉണ്ടാവുമോ എന്ന് സംശയമാണ്.
കോഴിക്കോട് കെ എം സി ടി മെഡിക്കൽ കോളേജിനും എറണാകുളം എസ് എൻ മെഡിക്കൽ കോളേജിനും മാത്രാമായിരുന്നു സുപ്രീം കോടതി വിധി ബാധകം. അത് കൊണ്ട് ആ കോളേജുകൾക്കു മാത്രമാണ് ആറ് ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടീ എൻട്രൻസ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നത്. എന്തായാലും നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടിയവർ പേടിക്കേണ്ട. അവർ കൂടുതൽ തുക ചോദിക്കില്ലെന്നു മനസ്സിലാക്കുന്നു. അവ നല്ല കോളേജുകളുമാണ്. അവ നാലും നല്ല ആസ്പത്രി നടത്തി പരിചയമുള്ളവയാണ്. അവർക്കു ആസ്പത്രി വരുമാനം കൊണ്ട് കുട്ടികളെ നല്ല ഡോക്ടർമാർ ആക്കാൻ പറ്റും. മറ്റു കോളേജുകളുടെ സ്ഥിതി അതല്ല.
ഇന്ന് സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ ബിൽ നിയമ സഭ പാസ്സാക്കിയതാണ് ഏക ശുഭ വാർത്ത.