പരമ്പരകൾ കൂടാതെ ഒന്നാം പേജിൽ എക്സ്‌ക്ലൂസിവ് റിപ്പോർട്ടുകൾ കേരളം കണ്ട കാലമായിരുന്നു നാലപ്പാടിന്‍റെത് . ഇത്തരം റിപ്പോർട്ടുകൾ ഡെസ്കിൽ എത്തുമ്പോൾ ജൂനിയേർസ് ആയ ഞങ്ങൾ എന്നല്ല പലരും അറിഞ്ഞിരുന്നില്ല. ആദ്യ എഡിഷൻ കഴിഞ്ഞ ശേഷമാണ് ഏതെങ്കിലും ഡമ്മി സ്റ്റോറികൾ മാറ്റി ഇവ പ്രതിഷ്ഠിച്ചിരുന്നത്. കൈപ്പട ടിപി യിൽ അയക്കാൻ ഒരാളെ മാത്രമേ ചുമതലപ്പെടുത്തൂ. അയ്യാളെ നോട്ട് ചെയ്തിട്ടുണ്ടാവും. അതുപോലെ ഈ കോപ്പി കാണാൻ ഇടയുള്ള പ്രിന്‍റിംഗ് വരെയുള്ള എല്ലാ വിഭാഗത്തിലെയും ആളുകളുടെ ലിസ്റ്റ് സൂക്ഷിക്കണമായിരുന്നു.
അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാൻ എല്ലാവർക്കും പേടിയുമായിരുന്നു. കോഴിക്കോട്ടെ അനുഭവം വെച്ച് പറയുകയാണെങ്കിൽ , ഡെസ്കിൽ എന്തൊക്കെയോ സംഭവിക്കുന്നു എന്ന് മാത്രമേ ഞങ്ങൾ അറിഞ്ഞിരുന്നുള്ളു. ആദ്യ എഡിഷൻ അടിച്ചു വരുമ്പോൾ സംഭവം അറിയുകയുമില്ല. പ്രൂഫിൽ പോലും ആ കോപ്പി വായിക്കുക ഒരാൾ മാത്രമാണ്. വാർത്ത പുറത്തു പോയാൽ ആളെ പിടിക്കാൻ എഡിറ്റർക്ക് ഇത് മതി. ആ പ്രൊഫഷണൽ ജേർണലിസം ആരിലാണ് ആവേശം ഉണ്ടാക്കാതിരിക്കുക?
ഇബ്രാഹിം സുലൈമാൻ സേട്ട് ഇസ്‌ലാമാബാദിൽ നടത്തിയ വിവാദപരമായ പ്രസംഗം മാതൃഭൂമി റിപ്പോർട്ട് ചെയ്തതു ഇപ്പോഴും ഓർക്കുന്നു. ഇന്ത്യയിലെ മുസ്ലിങ്ങൾ സുരക്ഷിതരല്ല എന്ന് സേട്ട് അവിടെ പ്രസംഗിച്ചത് മാധവൻകുട്ടി മാതൃഭൂമിക്ക് വേണ്ടി റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് വന്നതിനെ തുടർന്ന് മാതൃഭൂമി ഓഫീസുകൾക്കു നേരെ അക്രമം വ്യാപകമായി നടന്നു. കോഴിക്കോട് ഓഫീസിനു നേരെ നടന്ന അക്രമം ഞാൻ ഇപ്പോഴും ഓർക്കുന്നു. കോഴിക്കോട് പഴയ റോബിൻസൺ റോഡിൽ (ഇപ്പോൾ കെ പി കേശവമേനോൻ റോഡ്) ആണ് മാതൃഭൂമി ആസ്ഥാനം.
ഡെസ്ക്കിലിരുന്ന ഞങ്ങൾ ശബ്ദം കേട്ട് റോഡിലേക്ക് നോക്കി. കുറെ പേര് കല്ലെറിയുന്നു. പെട്ടെന്ന് മുഖം മാറ്റിയത് കൊണ്ട് ഒന്നും സംഭവിച്ചില്ല. കല്ല് ഡെസ്കിലെ മേശക്കും ചുമരിനും ഇടക്കുള്ള വഴിയിൽ വന്നു വീണു. ഒട്ടേറെ ജനൽ ചില്ലുകൾ പൊട്ടി. പക്ഷെ നാലപ്പാട് ഇക്കാര്യം മൂടിവെക്കാൻ ആഗ്രഹിച്ചില്ല. അക്രമം നടന്ന വാർത്ത പിറ്റേന്ന് പത്രത്തിൽ എല്ലാ എഡിഷനിലും കൊടുത്തു. അതിനടുത്ത ദിവസം മുതൽ ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങി. ആ വാർത്തകളും മാതൃഭൂമി പ്രസിദ്ധീകരിച്ചു. സേട്ട് അന്ന് അഖിലേന്ത്യ ലീഗിൽ ആയിരുന്നുവെന്നാണ് ഓർമ്മ. അക്രമത്തെ എല്ലാ സംഘടനകളും അപലപിച്ചു. അതോടെ ആ സംഭവം കഴിഞ്ഞു. അക്രമം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ലീഗായാലും, ബിജെപിയായാലും സിപിഎമ്മായാലും അതിൽ വിവേചനം പാടില്ല.
നാലപ്പാടിന്‍റെ വരവും പോക്കും എല്ലാം പെട്ടന്നായിരുന്നു., ചില കാര്യങ്ങളിൽ ചില കടുംപിടുത്തങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. നല്ലതും ചീത്തയും ഒക്കെ ഇതിൽ പെടും. പക്ഷെ നിർഗ്ഗുണ പരബ്രഹ്മ്മം ആയിരുന്നില്ല. എഡിറ്റർ ഉണ്ടെന്നു ജനത്തിന് മനസ്സിലാക്കിക്കൊടുത്തു. അതിനു ശേഷം ഗോപാൽജി വരുന്നതുവരെ പത്രാധിപ സമിതി അംഗങ്ങളുടെ ആത്മവീര്യം തകർന്നു പോയിരുന്നു.
എന്‍റെ നിരീക്ഷണത്തിൽ (ഞാൻ അന്ന് ജൂനിയർ ആയിരുന്നതിനാൽ നിരീക്ഷണം കൃത്യമായിക്കൊള്ളണമെന്നില്ല, എന്‍റെ അഭിപ്രായം മാത്രമാണ്). നാലപ്പാട് നടപ്പാക്കിയ ഏറ്റവും നല്ല കാര്യം കൊച്ചിയിൽ എൻഎൻ സത്യവ്രതൻ എന്ന ഞങ്ങളുടെ സത്യേട്ടന്‍റെ നേതൃത്തിൽ ഒരു ന്യൂസ് കോ ഓർഡിനേഷൻ ഡെസ്ക് വന്നു എന്നതാണ്. സത്യേട്ടന്‍റെ ഡെസ്ക് സദാ സമയവും സജീവമായിരുന്നു.
” നാലപ്പാട് നടപ്പാക്കിയ ഏറ്റവും നല്ല കാര്യം കൊച്ചിയിൽ എൻഎൻ സത്യവ്രതൻ എന്ന ഞങ്ങളുടെ സത്യേട്ടന്‍റെ നേതൃത്തിൽ ഒരു ന്യൂസ് കോ ഓർഡിനേഷൻ ഡെസ്ക് വന്നു എന്നതാണ്. സത്യേട്ടന്‍റെ ഡെസ്ക് സദാ സമയവും സജീവമായിരുന്നു. “
ഇടക്കൊക്കെ കോഴിക്കോട് ഓഫീസിൽ അദ്ദേഹം വന്നിരുന്നപ്പോൾ ഞങ്ങളോടൊക്കെ എന്ത് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നതെന്നു ഓർത്തുപോകുന്നു. ആ ഡെസ്ക്കിൽ നിന്ന് വന്നിരുന്ന മെസ്സേജുകൾ എല്ലാ യൂണിറ്റുകളിലും ലോഗ് ബുക്കിൽ പതിക്കുമായിരുന്നു. അതുപോലെ എഡിറ്റർ അഭിനന്ദനം അറിയിച്ചുകൊണ്ട് ഏതെങ്കിലും പത്രപ്രവർത്തകന് സന്ദേശം അയച്ചാലും അതും ലോഗ് ബുക്കിൽ പതിക്കും. ഞങ്ങൾക്ക് ഇതെല്ലാം വായിക്കാം. തിരുവനന്തപുരത്തു നിന്ന് രാജൻ പൊതുവാളും മറ്റും മദ്രാസിലേക്ക് എംജിആറിന്‍റെ ചിത്രങ്ങൾ പകർത്താൻ പോകുന്നു എന്നതൊക്കെ സത്യേട്ടന്റെ മെസ്സേജ് ആയിട്ടാണ് ഞങ്ങൾക്ക് കിട്ടിയിരുന്നത്. അതുപോലെ പല സന്ദേശങ്ങളും…
എഡിറ്ററുടെ മെസ്സേജിന് അടിയിൽ എഡിറ്റർ എന്ന് മാത്രമേ കാണൂ. അതിനൊരു വിലയുണ്ടായിരുന്നു. അതിനു ശേഷം അത് നഷ്ടപ്പെട്ടത് കൊണ്ടാണ് പ്രത്യേകം പറയുന്നത്. ഗൾഫിലേക്ക് അയക്കാൻ എല്ലാ തിങ്കളാഴ്ചയും ഗൾഫ് ഫീച്ചർ എന്നൊരു പേജ് ഉണ്ടായിരുന്നു. (ഇപ്പോൾ നാല് പേജ് ആണ്) . അതിന്റെ ചുമതല ശ്രീ. ടി സുരേഷ് ബാബുവിനായിരുന്നു. അദ്ദേഹത്തിന് തലസ്ഥാനത്തേക്ക് സ്ഥലം മാറ്റം വന്നപ്പോൾ ആണെന്ന് തോന്നുന്നു അദ്ദേഹം തന്നെ അത് എന്നെ ഏൽപ്പിച്ചു. ഞാൻ അങ്ങനെ ചെയ്തു തുടങ്ങിയപ്പോൾ ചില മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാമെന്നു തോന്നി. ആദ്യം ഞാൻ നാലപ്പാടിനെ കണ്ടു രണ്ടു ഗൾഫ് പത്രങ്ങൾ വാങ്ങണം എന്ന് പറഞ്ഞു (ഇന്‍റെര്‍നെറ്റ് ഇല്ലാത്ത കാലമാണേ). നോക്കാമെന്നു പറഞ്ഞു . ഒരാഴച്ചയോ മറ്റോ കഴിഞ്ഞപ്പോൾ ഒരിക്കൽ ഡെപ്യൂട്ടി എഡിറ്റർ വിളിപ്പിച്ചു.
കെ പി കേശവമേനോൻ ഇരുന്നിരുന്ന മുറിയാണ്. ഞാൻ ചെന്നപ്പോൾ ഇരിക്കാൻ പറഞ്ഞു. എന്നിട്ടു സാവകാശം ചോദിച്ചു. ഈ രണ്ടു പത്രങ്ങൾ നമുക്ക് നിർബന്ധമാണോ. അതിനു പ്രയോജനമുണ്ടാവുമോ എന്നൊക്കെ. ആദ്യമൊക്കെ ഞാൻ വാദിച്ചു നിന്നെങ്കിലും വരിസംഖ്യ കേട്ടപ്പോൾ ഞാൻ പറഞ്ഞു വേണ്ട എന്ന്. സംഖ്യ എനിക്ക് ഓർമ്മയില്ല. വലിയ തുകയാണ്. അതുകൊണ്ടു പ്രയോജനം ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പില്ലല്ലോ. എന്നിട്ടും പറഞ്ഞു കമ്പനി എതിരല്ല എഡിറ്റർ പറഞ്ഞു രാജേന്ദ്രനോട് ഒന്നുകൂടി ചോദിച്ചിട്ടു മതി എന്ന്. ഡെപ്യൂട്ടി ഇങ്ങനെ പറഞ്ഞപ്പോൾ തടി കയ്ചിലാക്കുകയാണ് (കോഴിക്കോട് രീതി, അത് ഞാൻ മറന്നിട്ടില്ല. രക്ഷപ്പെടുക എന്നതിന് മലബാറിലെ രീതി) നന്ന് എന്ന് കരുതി ഞാൻ വേണ്ട എന്ന് പറഞ്ഞു. പിന്നെ ഗൾഫിൽ ചില സുഹൃത്തുക്കളെ കണ്ടെത്തി അവരെക്കൊണ്ടു കോളം എഴുതിച്ചു. ഒന്ന് രണ്ടു പേരുകൾ ഇപ്പോഴും ഓർമ്മയുണ്ട്. രാജശേഖരൻ മാവേലിക്കര, നസീം പുന്നയൂർ എന്നിവരാണവർ (പിന്നെ അന്നത്തെ ഗൾഫ് ലേഖകൻ ബെവിഞ്ച അബ്ദുല്ലയുടെ മാറ്ററും കിട്ടിയിരുന്നു. അത് പിന്നെ പറയാം).
1987ലെ നിയമസഭാ തെരെഞ്ഞെടുപ്പിനെക്കുറിച്ചുള്ള തിരനോട്ടം എന്ന ഒന്നാം പേജ് അവലോകനം ആണ് നാലപ്പാടും മാനേജ്‌മന്റും തമ്മിൽ അവസാനം ഇടയാൻ കാരണമായതെന്ന് പറയാം. യുഡിഎഫിന് വൻഭൂരിപക്ഷം കിട്ടുമെന്ന് എഴുതിയെങ്കിലും ഇടതുപക്ഷം വേണ്ടത്ര സീറ്റോടെ കേവല ഭൂരിപക്ഷം നേടിയത് പത്രത്തിന്‍റെ വിശ്വാസ്യതയെ ബാധിച്ചുവെന്ന് പത്ര സുഹൃത്തുക്കൾക്കും അക്കാലത്തു പത്രം വായിച്ചിരുന്നവർക്കും ഓർമ്മയുണ്ടാവും.
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ശ്രീ പിവി ചന്ദ്രനെ ഡയറക്ടർ എഡിറ്റോറിയൽ അഡ്മിസ്ട്രഷൻ ആയി നിയമിച്ചു എഡിറ്ററുടെ സാമ്പത്തികാധികാരങ്ങൾ റദ്ദാക്കിയതോടെ എഡിറ്റർ അസ്വസ്ഥനായി. വൈകാതെ അദ്ദേഹം ഒഴിയുകയും ചെയ്തു എന്നാണു ഓർമ്മ. ഓഹരിക്കൈമാറ്റം ഒക്കെ പിന്നീടാണ്. വിപിആറിനെ പുകച്ചു പുറത്തു ചാടിച്ച പോലെ നാലപ്പാടിനെയും. ചരിത്രം ആവർത്തിച്ചു എന്ന് മാത്രം.
ഇനിയുള്ള ഭാഗങ്ങൾ സമയം പോലെ എഴുതാം. കഴിഞ്ഞ പോസ്റ്റ് നാലായിരത്തിലധികം പേർ വായിച്ചു. സന്തോഷമുണ്ട്. കുറ്റങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുക. ആരെയും കുറ്റപ്പെടുത്താൻ ഇവിടെ ഉദ്ദേശമില്ല. പക്ഷെ ചരിത്ര സത്യങ്ങൾ പറയുന്നു എന്ന് മാത്രം.
valare naannyi. puthu thalamurakku gunappedum
Thank you for appreciation….
ന്യൂസ് റൂം കഥകള്‍ ഓരോന്നും രസകരങ്ങളാണ്. ആദ്യത്തെ നാലു പെയ്ജ് ഗള്‍ഫ് പതിപ്പില്‍ എന്‍റെ ഒരു കഥയുണ്ടായിരുന്നു. തുടര്‍ന്നും നാലോ അഞ്ചോ പ്രാവശ്യം അതില്‍ എഴുതാന്‍ എനിക്കു കഴിഞ്ഞിരുന്നു.
ഓരോ കുറിപ്പും ആസ്വദിച്ചു വായിക്കുന്നു. തുടരുക.
പ്രോത്സാഹനത്തിന് നന്ദി സുഹൃത്തേ. പരമാവധി ആത്മാർത്ഥമായും സത്യസന്ധമായും ആണ് എഴുതുന്നത്.