ഇന്ന് ഒരു എഡിറ്ററുടെ ചുമതല ദളിത് സാഹിത്യം എഴുതലോ സ്ത്രീകൾക്ക് വേണ്ടി എഴുതലോ എന്നതല്ല. പത്രത്തിന്റെ പ്രചാരം കൂട്ടാൻ , നയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് നോക്കലാണ്. ഇക്കാര്യത്തിലാണ് ഞാൻ നാലപ്പാടിനെയും ഗോപാലകൃഷ്ണനെയും ഉയർത്തിപ്പിടിക്കുന്നത് . അതല്ലെങ്കിൽ പിന്നെ ആര് ? ഞാൻ എഴുതുന്നത് പത്രത്തിൽ എഡിറ്റർമാർ മാറിമാറി വന്നപ്പോൾ എന്ത് സംഭവിച്ചു എന്നതാണ്.
ഡയറക്ടർ , എഡിറ്റോറിയൽ അഡിഷനിസ്ട്രേഷൻ തസ്തികയിൽ ആയിരുന്ന ശ്രീ പിവി ചന്ദ്രനെ പിന്നെ മാനേജിങ് എഡിറ്റർ ആയി നിയമിച്ചതോടെയാണ് എഡിറ്റർ അപ്രസക്തനായത്. 1988 പകുതി വരെ നാലപ്പാട് അസംതൃപ്തനായി തുടർന്നുവെങ്കിലും മാനേജിങ് എഡിറ്ററുടെ നിയമനത്തോടെ അദ്ദേഹം മാതൃഭൂമി വിടുകയാണുണ്ടായത്. പിന്നീട് എൻവി കൃഷ്ണ വാരിയരും വികെ മാധവൻകുട്ടിയും ചീഫ് എഡിറ്ററും എഡിറ്ററും ആയി നിയമിക്കപ്പെട്ടു. മാധവൻകുട്ടി എൻവി യെക്കാൾ മുൻപ് എഡിറ്റർ സ്ഥാനം മതിയാക്കി വീണ്ടും ഡൽഹിയിലേക്ക് പോയി. അത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമായിരുന്നു. ഈ രണ്ടു പേരും മാതൃഭൂമി ചീഫ് എഡിറ്ററും എഡിറ്ററും ആയിരുന്ന കാലത്തു പത്രത്തിന് എന്തെങ്കിലും ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് എനിക്ക് തോന്നീട്ടില്യ. പക്ഷെ പിന്നീട് വന്ന ശ്രീധരൻ നായരെക്കാൾ ഭേദമായിരുന്നുതാനും. പക്ഷെ രണ്ടു പേരും അറിയപ്പെടുന്ന വ്യക്തികൾ. അതിന്റെ അന്തസ്സ് പത്രത്തിന് ഉണ്ടായിരുന്നു. (1988 ജനുവരി 15 നു എൻ വി മുഖ്യപത്രാധിപർ ആയി ചുമതലയേറ്റു. ആ സ്ഥാനത്തു തുടരവേ അടുത്ത വർഷം ഒക്ടോബർ 12 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.).
എൻവി യോട് ഒരു കാര്യത്തിൽ ബഹുമാനവും മറ്റു ചില കാര്യങ്ങളിൽ വിജോജിപ്പും തോന്നിയിട്ടുണ്ട്. അദ്ദേഹം മുഖ്യ പത്രാധിപർ ആയിരിക്കെ തിങ്കളാഴ്ചകളിൽ എഡിറ്റോറിയൽ പേജിന്റെ സ്ഥാനത്തു പ്രതിവാര സാഹിത്യ രംഗം എന്ന പേരിൽ ഒരു ഫുൾപേജ് ഉണ്ടായിരുന്നു. അത് തയ്യാറാക്കുന്നതിന്റെ ചുമതല അന്ന് കൊച്ചിയിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന ശ്രീ കെ പി വിജയന് ആയിരുന്നെങ്കിലും അദ്ദേഹം അതിലെ മാറ്ററുകൾ ഒക്കെ ഒന്നോടിച്ചു നോക്കിയ ശേഷം എഡിറ്റ് ചെയ്തു ബ്ളർബ് (ഹൈലൈറ്റു ചെയ്യേണ്ട ഭാഗം) എഴുതിക്കൊടുത്തു പേജ് തയ്യാറാക്കി ടിഷ്യു എല്ലാ യൂണിറ്റുകളിലേക്കും അയക്കാൻ അന്ന് എന്നെ ചുമതലപ്പെടുത്തിയിരുന്നു. ആ പേജിൽ പ്രതിവാരചിന്തകൾ എന്ന പേരിൽ എൻ വി എഴുതിയിരുന്ന കോളം വളരെ ചിന്തോദ്ദീപകമായിരുന്നു . അത്രയും ആഴത്തിൽ പഠിച്ചു എഴുതേണ്ട പംക്തിയാണോ പത്രത്തിൽ വരേണ്ടത് എന്ന് പോലും ചിന്തിച്ചിട്ടുണ്ട്. പിന്നെ കെപി വിജയൻറെ ഗ്രന്ഥ നിരൂപണം , പവനന്റെ പംക്തി എന്നിവയൊക്കെ ആ പേജിൽ ഉണ്ടായിരുന്നു..നല്ല പേജ് ആയിരുന്നു. അങ്ങനെ എൻ വിയുടെ കൈപ്പട കാണാൻ സാധിച്ചിട്ടുണ്ട് .ഇടക്ക് വല്ല കുറിമാനങ്ങളും കാണും .
എൻവി ഒരിക്കൽ കോഴിക്കോട് പ്രസ്ക്ലബ്ബിൽ വെച്ച് മുഖപ്രസംഗം എഴുത്തിനെ കുറിച്ച് ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി. ഇന്നും മറക്കാനാവാത്ത ഒന്നായിരുന്നു അത്. നമുക്ക് ആവശ്യം എന്ന് തോന്നുന്ന കാര്യങ്ങൾ ഏഴിക്കഴിഞ്ഞാൽ പിന്നെ വലിച്ചു നീട്ടരുത്. അത് അരോചകമാവും എന്ന് അദ്ദേഹം പറഞ്ഞു. അത് സത്യമാണെന്നു പലവട്ടം തോന്നിയിട്ടുണ്ട്. എൻ വി ഇങ്ങനെയാണ് പറഞ്ഞത് “Don’t pad up stuff. Readers won’t read it. It will lack readability…” അത് വളരെ സത്യമാണെന്നു മാത്രമല്ല, പറയാൻ ഒന്നുമില്ലാത്ത ദിവസങ്ങളിൽ മുഖപ്രസംഗം വേണ്ടെന്നു വെച്ചാൽ എന്താ എന്ന് കൂടി ഞാൻ ചിന്തിച്ചിട്ടുണ്ട്
പിന്നീടൊരിക്കൽ കൊച്ചിയിൽ വെച്ച് എഡിറ്റോറിയൽ മീറ്റിംഗ് നടക്കുമ്പോൾ എൻവി യോടുള്ള ബഹുമാനം കുറയാനും ഇടയായി. കാര്യം ഇതാണ്. പ്രൂഫിലെ എന്തോ കാര്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു അയാളെ എന്നാൽ പാക്കിങ്ങിലേക്കു വിടുക . അവിടെയും ശരിയായില്ലെങ്കിൽ റിപ്പോർട്ടിങ്ങിലേക്കു അയക്കാം എന്ന്. എൻവി യെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് അത് പ്രതീക്ഷിച്ചില്ല. റിപ്പോർട്ടിങ്ങും അറിയാവുന്ന പത്രപ്രവർത്തകർ എഡിറ്റർമാരായി ശോഭിക്കും എന്ന് മാതൃഭൂമിയിലെ അനുഭവം വെച്ച് എനിക്ക് പറയാൻ കഴിയും.
മദർ തെരേസ അവശനിലയിൽ ആയപ്പോൾ എൻവി എഴുതിയ എഡിറ്റോറിയൽ കാച്ചിക്കുറുക്കിയതാണ്. വളരെ ചെറുത്. എന്നാൽ കാര്യമാത്ര പ്രസക്തവും. മദർ തെരേസക്ക് മുൻപേ എൻവി പോയി. മദർ പിന്നീട് കുറെ കഴിഞ്ഞാണ് മരിച്ചത്. അപ്പോഴും ഉപയോഗിച്ചത് എൻവി എഴുതിയ എഡിറ്റോറിയൽ തന്നെയായിരുന്നു. എൻവി , മാധവൻകുട്ടി യുഗത്തിന് ശേഷമാണ് മാതൃഭൂമിയിലെ ഒരു സ്ഥിരം ജീവനക്കാരൻ എഡിറ്റർ ആയി നിയമിതനാവുന്നത്. കെ കെ ശ്രീധരൻ നായർ അത് കുറച്ചു പറയാനുണ്ട്.
ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാനാവും… നാലപ്പാടിന്റെ കാലത്തു ഒന്നാം സ്ഥാനത്തു നിന്നിരുന്ന മാതൃഭൂമിയെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയത് ശ്രീധരൻ നായർ തന്നെയാണ്. കുറച്ചു ഗുണങ്ങൾ ഉണ്ടായിരുന്നു എന്നത് നിസ്തർക്കമാണ്. പക്ഷെ മാതൃഭൂമിയിൽ പ്രൊഫഷണൽ ജേണലിസത്തെ കശാപ്പു ചെയ്തത് അദ്ദേഹം തന്നെ. അത് എന്തൊക്കെ, എങ്ങനെ എന്ന് എഴുതാം. അപ്പോൾ മനസ്സിലാവും. അദ്ദേഹത്തിന്റെ പോരായ്മ എംഡിക്കു അറിയാമായിരുന്നു. ശ്രീധരൻ നായരെ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടു പീരിയോഡിക്കൽസ് വിഭാഗത്തിൽ ഡെപ്യൂട്ടി എഡിറ്റർ ആയി സ്ഥലം മാറ്റിയ കാലത്തു ഒരിക്കൽ അവിടെ ഡെസ്ക്കിൽ എംഡി യദൃശ്ചയാ വന്നു. ശ്രീധരൻ നായരെ കണ്ട ഉടനെ എംഡി പറഞ്ഞു നമുക്ക് ശ്രീധരൻ നായരെ ചിത്രഭൂമി എഡിറ്റർ ആക്കാം എന്ന്. അന്ന് കളിയാക്കി പറഞ്ഞതാണെങ്കിലും അധികം വൈകാതെ അതിലും ഉയരത്തിൽ ശ്രീധരൻ നായർ എത്തി. എട്ടര വർഷത്തോളം ആ സ്ഥാനത്തു തുടരുകയും ചെയ്തു. കുറെ നന്മകൾ ആദ്ദേഹത്തിനുണ്ടെന്നു വിസ്മരിക്കാതെയാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് എഴുതുക…
അത് എഴുതപ്പെടേണ്ടത് തന്നെയാണ്. അക്കാര്യങ്ങൾ ഇനി അടുത്ത ലക്കത്തിൽ…