1984 ജനുവരിയിൽ ഞാൻ കോഴിക്കോട് മാതൃഭൂമിയിൽ ജോലിക്കു ചേർന്നപ്പോൾ എനിക്ക് ആദ്യ ആശ്രയം തന്നത് ആർ കെ ദാമോദരൻ എന്ന ആർകെ ആയിരുന്നു. സബ് എഡിറ്റർ ട്രെയിനിമാരായി ചേരുന്നവരെ അന്ന് കോഴിക്കോട് ആദ്യത്തെ പതിനഞ്ചു ദിവസം പ്രൂഫിൽ പറഞ്ഞയക്കും. അങ്ങനെയാണ് ആർകെയെ പരിചയപ്പെട്ടത്. പല പ്രഗല്ഭരുടെയും കൈയെഴുത്തു കോപ്പികളും ടി പി കോപ്പികളും വായിക്കാൻ ആയിടെ അവസരമുണ്ടായി ചാലപ്പുറത്തെ അപ്സര ലോഡ്ജിലാണ് ആർകെ അന്ന് താമസിച്ചിരുന്നത്. രാജു റഹിം എന്ന സിനിമയിൽ അദ്ദേഹം എഴുതിയ രവിവർമ്മ ചിത്രത്തിൻ രതി ഭാവമേ എന്ന പാട്ടു ജനങ്ങൾ സ്വീകരിച്ചതിന്റെ സന്തോഷത്തിൽ അദ്ദേഹം നിന്നിരുന്ന കാലം. 1978ൽ ആണ് ആ ചിത്രം പുറത്തിറങ്ങിയത്. അതുകൊണ്ടു ആ കാലത്തിനിടെ ആർകെ പേരെടുത്തിരുന്നു. ലോഡ്ജിൽ എല്ലാവർക്കും ആർകെയെ അറിയാമായിരുന്നു. പക്ഷെ ഞങ്ങളുടെ ഡ്യൂട്ടി സമയം മിക്കവാറും ഒത്തുവരില്ല. ഞാൻ ഈവെനിംഗ് ഷിഫ്റ്റിൽ പോയി വെളുപ്പിന് വരുമായിരുന്നു.
അദ്ദേഹമാകട്ടെ അർധരാത്രിക്ക് മുൻപ് മിക്കവാറും റൂമിൽ എത്തിയിരിക്കും. എന്നിട്ടു വെളുപ്പിന് എണീറ്റ് കുളിച്ചു, തളി ഉൾപ്പെടെ ഏതാനും ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തി വരും. പിന്നീട് താഴെ ക്യാന്റീനിൽ ഇരുന്നു ഉച്ചത്തിൽ സംസാരിക്കുന്നതു കേട്ടാണ് മിക്കവാറും ഞാൻ എഴുന്നേൽക്കുക. അന്നും ഇന്നും വെളുപ്പിന് കുളി ഞാൻ ശീലിച്ചിട്ടില്ല. ജോലിക്കു പോകുന്നതിനു മുൻപ് കുളിച്ചു ഫ്രഷ് ആയി പോകുകയാണ് പതിവ്.
ആർകെ പ്രഭാഷണം എല്ലാം കഴിഞ്ഞു റൂമിൽ വന്നാൽ ഒരു ഇരുമ്പു പെട്ടി തുറന്നു കുറെ ദേവീദേവന്മാരുടെ ചിത്രങ്ങൾ നോക്കി പ്രാർത്ഥിച്ചു പാട്ടെഴുത്തു തുടങ്ങും. അന്ന് സ്ഥിരമായി നോക്കിയിരുന്നതു നാലാങ്കൽ എഴുതിയ മഹാക്ഷേത്രങ്ങളുടെ മുന്നിൽ എന്ന പുസ്തകമായിരുന്നു. കുറച്ചു കഴിഞ്ഞു കിടന്നുറങ്ങാൻ ആരംഭിക്കും . അപ്പോഴാണ് ഞാൻ മിക്കവാറും ഭക്ഷണം കഴിക്കാൻ പോകുക. ആർകെ അന്ന് മാതൃഭൂമിയിൽ പ്രൂഫ് സെക്ഷനിൽ കൈതപ്രത്തിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. രജിസ്റ്ററിൽ കൈതപ്രത്തിന്റെ പേർ കെ ദാമോദരൻ എന്നായിരുന്നു. കൈതപ്രം പാട്ടെഴുതി പേരെടുത്തത് പിന്നീടാണ്.
പിന്നീട് പല ചിത്രങ്ങളിലും ആർകെ എഴുതിയ പാട്ടുകളോട് എനിക്ക് എതിർപ്പ് തോന്നുകയും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. .രവിവർമ്മ ചിത്രത്തിൻ എന്ന ഗാനത്തിലെ ചില പ്രയോഗങ്ങളെ കുറിച്ചും ഞങ്ങൾ തമ്മിൽ തർക്കം ഉണ്ടായിട്ടുണ്ട്. അതിനു അദ്ദേഹം തക്കതായ ന്യായീകരണവും തന്നിട്ടുണ്ട്.
യേശുദാസിന്റെയും എം കെ അർജുനന്റെയും നല്ല കാലം ആ പാട്ടിനു അസാമാന്യ മികവ് നൽകി എന്ന് ഞാൻ പറയും. പക്ഷെ ഇങ്ങനെ ഒരാളെ എന്റെ ആദ്യ സഹമുറിയനായി കിട്ടിയത് ഭാഗ്യമായി ഞാൻ കരുതുന്നു. ആർകെ അധികം വൈകാതെ കൊച്ചിക്കു സ്ഥലം മാറ്റം വാങ്ങി പോയതോടെ ഞാൻ ചാലപ്പുറത്തെ സുപ്രഭ ലോഡ്ജിലേക്ക് താമസം മാറ്റി. ആർകെ ഇപ്പോൾ റിട്ടയർ ചെയ്തു ഭാര്യയുമൊത്തു കലൂരിനടുത്തു താമസിക്കുന്നു. ഇന്നും ഏതോ ചാനലിൽ അദ്ദേഹവുമായി ഇന്റർവ്യൂ ഉണ്ടായിരുന്നു എന്നറിഞ്ഞു.