അയോധ്യയിലെ തർക്ക മന്ദിരം പൊളിച്ചിട്ടു ഇന്നലെ 25 വർഷം കഴിഞ്ഞു. 1992 ഡിസംബർ ആറിനാണ് അത് സംഭവിച്ചത്. അന്ന് കൊച്ചിയിലെ സെൻട്രൽ ഡെസ്കിൽ ആ വാർത്ത തയ്യാറാക്കിയ എനിക്ക് ചിലതു പറയാനുണ്ട്. ഇത് ജേർണലിസം വിദ്യാർഥികൾ മനസ്സിലാക്കിയാൽ കൊള്ളാം, ചരിത്രമാണ്.
ഡൽഹി ലേഖകൻ ആയ എം കെ അജിത്കുമാർ ആണ് സംഭവം റിപ്പോർട്ട് ചെയ്യാൻ അയോധ്യയിലേക്കു പോയത്. വൈകീട്ട് ഡെസ്കിൽ സ്റ്റോറി തയ്യാറാക്കാൻ ന്യൂസ് എഡിറ്റർ വിജയശങ്കർ പറഞ്ഞപ്പോൾ അജിത്തിന്റെ റിപ്പോർട്ട് എത്തിയിരുന്നില്ല. പിടിഐ , യുഎൻഐ കോപ്പികൾ തുരുതുരാ അടിക്കുന്നുണ്ടായിരുന്നു. അതുകൂടാതെ ടി വി യിൽ തത്സമയം കാണിക്കുന്നുമുണ്ടായിരുന്നു. ന്യൂസ് എഡിറ്റർക്കു ഏഴു മണിക്ക് മുൻപ് ഹെഡിങ്ങും ഇൻട്രോയും (ആദ്യപാരാ) കിട്ടണമെന്ന് വലിയ നിർബന്ധമായിരുന്നു. അതുകൊണ്ടു അത് എഴുതിക്കൊടുത്ത ശേഷം ക്യാന്റീനിൽ ചായ കുടിക്കാൻ പോകുകയാണ് പതിവ്.
അന്ന് ഏജൻസി കോപ്പികൾ വെച്ച് ഞാൻ എഴുതിക്കൊണ്ടിരിക്കുമ്പോൾ അജിത്തിന്റെ റിപ്പോർട്ട് വന്നു. ഫാക്സ് കോപ്പിയാണ്. അതിന്റെ അടിയിൽ എഴുതിയ വാചകം ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ഒരു താഴികക്കുടം വീണു. സ്ഥിതി സംഘർഷഭരിതമാണ്. ഞാൻ സ്ഥലം വിടുന്നു. ബാക്കി ഏജൻസിയിൽ നിന്നെടുക്കുക. അപ്പോഴേക്കും ടിവിയിൽ മൂന്നു താഴികക്കുടങ്ങളും വീഴുന്നത് കണ്ടു. ഏജൻസി കോപ്പികളും കിട്ടി.
വളരെ ആലോചിച്ചശേഷമാണ് ഹെഡിങ് ഇട്ടത്. തർക്കമന്ദിരം കർസേവകർ തകർത്തു എന്നായിരുന്നു എന്റെ ഹെഡിങ്. (എട്ടു കോളം ഒറ്റ വരി എന്ന് എന്റെ മനസ്സിൽ) അതും ഇൻട്രോയും അജിത്തിന്റെ ബൈലൈൻ ഉൾപ്പെടെ ന്യൂസ് എഡിറ്റർക്ക് കൊടുത്തു. വിജയശങ്കർ അത് ചീഫ് സബ്ബിനെ (എൻ ബാലകൃഷ്ണൻ ആയിരുന്നു എന്ന് തോന്നുന്നു) ഏൽപ്പിച്ചു. എൻ എസ് മാധവൻ എഴുതിയ തിരുത്ത് എന്ന കഥയിലെ പോലെ ബാബ്റി മസ്ജിദ് എന്ന് എഴുതാൻ ആവുമായിരുന്നില്ല. പി ടി ഐ കോപ്പിയിലും അജിത്തിന്റെ കോപ്പിയിലും ഒക്കെ Disputed Site എന്നായിരുന്നു. വർഷങ്ങളായി കേസ് നടക്കുന്ന കെട്ടിടമായതിനാൽ അത് തർക്കമന്ദിരം എന്ന് തന്നെ മാത്രമേ പരിഭാഷപ്പെടുത്താൻ പറ്റു.
ഹെഡിങ്ങും ഇൻട്രോയും ചീഫ് സബ്ബിനും ന്യൂസ് എഡിറ്റർക്കും ഇഷ്ട്ടമായി. എഡിറ്ററുടെ അംഗീകാരത്തിനായി കോഴിക്കോട്ടേക്ക് അയച്ചു. ഇതിനിടെ ചന്ദ്രികയുടെ കൊച്ചിയിലെ ന്യൂസ് എഡിറ്ററും എന്റെ അടുത്ത സുഹൃത്തുമായ ഹസ്സൻകോയ ഫോണിൽ വിളിച്ചു നിങ്ങൾ എന്താ ഹെഡിങ് കൊടുക്കുന്നത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഇങ്ങനെ എഴുതി എഡിറ്ററുടെ അംഗീകാരത്തിനായി അയച്ചിട്ടുണ്ട്. മാറ്റം വരുമോ എന്നറിയില്ല എന്ന്. മാറ്റം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ഹസ്സൻകോയയും.
ഞങ്ങൾ ക്യാന്റീനിൽ പോയി ചായ കുടിച്ചു വന്നപ്പോൾ ന്യൂസ് എഡിറ്റർ പറഞ്ഞു ഹെഡിങ്ങും ഇൻട്രോയും മാറ്റിയതായി അറിയിപ്പുണ്ടെന്ന്. ആ മെസ്സേജ് ന്യൂസ് എഡിറ്റർ കാണിച്ചു തന്നു. മെയിൻ ഹെഡിങ്ങിലും ഇൻട്രോയിലും മാറ്റമുണ്ട്. എഡിറ്റർ (ശ്രീധരൻ നായർ) നിർദ്ദേശിച്ച പ്രകാരം പുതിയ ഹെഡിങ്ങും ഇൻട്രോയും അയക്കുന്നു. ഇതാണ് മെസ്സേജ്.
കുറച്ചു കഴിഞ്ഞപ്പോൾ മെസ്സേജ് വന്നു. തർക്കമന്ദിരത്തിനു കർസേവകർ വ്യാപകമായി കേടുവരുത്തി. ഇതായിരുന്നു മാറ്റിയ ഹെഡിങ്. ഞാൻ വാക്കു പാലിക്കാനായി ഹസ്സൻകോയയെ വിളിച്ചു ഇക്കാര്യം അറിയിച്ചു. അദ്ദേഹം എന്തോ വലിയ ആശ്വാസം ആയ പോലെ അതെയോ എന്നാൽ ഞങ്ങളും അങ്ങനെ മാറ്റാം എന്ന് പറഞ്ഞു. പിറ്റേന്ന് ചന്ദ്രികയും അത്തരം ഹെഡിങ് ആണ് കൊടുത്തത് എന്നാണു ഓർമ്മ. ബാബ്റി പള്ളി തകർത്തു എന്നാണ് ചന്ദ്രിക കൊടുത്തതെന്നും സംശയമുണ്ട്. മനോരമ താഴികക്കുടങ്ങൾ തകർന്നു എന്നോ തകർത്തു എന്നോ ആണ് കൊടുത്തത്. കൂടെ എല്ലാവരും സമാധാനം പാലിക്കണം എന്ന പാണക്കാട് തങ്ങളുടെ ആഹ്വാനവും അവർ വലുതാക്കി കൊടുത്തു.
ഇവിടെ ഞാൻ ആരെയും കുറ്റം പറയുകയല്ല. ഇത് വേണ്ടിയിരുന്നോ എന്ന ചോദ്യമാണ്. സദുദ്ദേശത്തോടെയാണ് മാതൃഭൂമി അത് ചെയ്തത്. പക്ഷെ വസ്തുത റിപ്പോർട്ട് ചെയ്യുകയല്ലേ വേണ്ടിയിരുന്നത് എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. ഹെഡിങ്ങിന്റെ മൂർച്ച കുറച്ചു ജനങ്ങൾ സംയമനം പാലിക്കാൻ വേണ്ടി ചെയ്ത നല്ല ഒരു കാര്യമായി തോന്നാം. പക്ഷെ ടി വി യി യിലും ഇംഗ്ലീഷ് മാധ്യമങ്ങളിലും ഒക്കെ വാർത്ത നേരെ വന്നു. അപ്പോൾ അതല്ലേ വേണ്ടിയിരുന്നത് എന്ന് എനിക്ക് തോന്നുന്നു. എന്റെ ഹെഡിങ് ശരിയായിരുന്നു. ബാബ്റിമസ്ജിദ് എന്ന് ചില ഇംഗ്ലീഷ് പത്രങ്ങൾ കൊടുത്തത്ത് ശരിയല്ലതാനും. ജേർണലിസം വിദ്യാർഥികൾ പഠിക്കട്ടെ.
തര്ക്കമന്ദിരമാണെങ്കിലും അതിന്റെ ശരിയായ പേര് ബാബറി മസ്ജിദ് എന്നാണെന്നുള്ളത് ഒരു ന്യായീകരണമാവില്ലേ? ഒരു മുന്‍കാല ചരിത്രം നോക്കിയാല്‍ നാം ഇതിനു മുമ്പ് തര്‍ക്കത്തിലുള്ള മന്ദിരങ്ങളെ പഴയ ശരിയായ പേരില്‍ തന്നെ രിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഇത്തരം ഒരു തര്‍ക്കത്തിലൂടെ നാളെ താജ്മഹലിനു ഈ ഗതി വന്നാല്‍ നാം തര്‍ക്കമന്ദിരം എന്നു തന്നെ എഴുതുമോ എന്നാലോചിക്കുന്നതും രസകരമാണ്. (ഇതില്‍ പറയുന്ന ഹസ്സന്‍കോയ പിന്നീട് സൗദി അറേബ്യയില്‍ പത്രപ്രവര്ത്തകനായിരുന്നോ?)
കേസ് നിലനിൽക്കുന്നതുകൊണ്ടു അങ്ങനെയേ എഴുതാൻ കഴിയുമായിരുന്നുള്ളൂ. അതല്ല,നിങ്ങൾ പറഞ്ഞ പോലെയാണെങ്കിൽ പല ക്ഷേത്രങ്ങും പൊളിച്ചു പള്ളിയാക്കിയതൊക്കെ വേണമെങ്കിൽ പറയാം. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് അതിൽ പെടുന്നു. എന്റെ ലേഖനത്തിൽ അതല്ല ചർച്ച. ഹെഡിങ് നേരായി കൊടുത്തില്ല എന്നതാണ്