ഈയിടെയായി വാട്സ്ആപ്പിൽ പ്രചരിച്ച ഒരു പത്രക്കട്ടിംഗ് കണ്ടു കൗതുകവും അഭിമാനവും തോന്നി. 1988 ലെ കട്ടിങ് ആണത്. കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് മാതൃഭൂമി വിജ്ഞാനരംഗം പേജ് ആണെന്ന്. മാത്രമല്ല ഞാൻ തയ്യാറാക്കിയ പേജും ആയിരുന്നു. മൊബൈൽ ഫോണും വരുന്നു എന്നതായിരുന്നു ഹെഡിങ്. അത് തയ്യാറാക്കിയ യൂനസിനെ ഓർമ്മയില്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിരുന്നു ഫോൺ കോളുകൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്ന റേഡിയോ ഫോണുകൾ ആണ് ഇവയിൽ പ്രധാനപ്പെട്ടത് എന്ന് അതിന്റെ രണ്ടാം പാരയിൽ പറയുന്നതും ഇപ്പോഴത്തെ അവസ്ഥയും ആലോചിച്ചു നോക്കുമ്പോൾ എന്ത് അതിശയം . ഈ ലേഖനം പ്രസിദ്ധപ്പെടുത്തിയ പേജ് തന്നെ ഫോണിലൂടെയാണ് കിട്ടിയത്.

വിജ്ഞാനരംഗം പേജ്

അക്കാലത്തു വിജ്ഞാനരംഗത്തിലേക്കു അധികമായി എഴുതിയിരുന്നത് അക്വൻ എന്ന തൂലികാനാമത്തിലുള്ള ഒരാളാണ്. ബോംബെ ബാർക്കിൽ ജോലി ചെയ്തിരുന്ന വെങ്കടേശ്വരൻ എന്ന വ്യക്തി അക്വൻ എന്ന പേരിലാണ് അന്ന് എഴുതിയിരുന്നത്. ഓസോൺ പാളിയിലെ വിള്ളൽ , ക്ളോറോ ഫ്ലൂറോ കാർബൺ എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹം എഴുതിയിരുന്നത് നല്ല ഓർമ്മയുണ്ട്.

ഇതിപ്പോൾ പറയാൻ കാരണം ആ പേജ് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ തന്നെ അത് മാതുഭൂമിയാണെന്നു ഞാൻ തിരിച്ചറിഞ്ഞത് നിങ്ങളുമായി പങ്കുവെക്കാനാണ്. അന്നൊക്കെ ഞങ്ങൾ ഫീച്ചർ പേജ് ചെയ്യുമ്പോൾ ഹെഡിങ് ലേ ഔട്ടിലെ ആർട്ടിസ്റ്റിനെ കൊണ്ട് എഴുതിപ്പിക്കുമായിരുന്നു. അന്ന് ഞങ്ങളുടെ ലേഔട്ടിൽ ഉണ്ടായിരുന്ന എം പി ഭാസ്കരൻ ആണ് ആ ഹെഡിങ് എഴുതിയത്. സംശയം തീർക്കാൻ ഞാൻ അത് ഭാസ്കരന് അയച്ചുകൊടുത്തു ചോദിച്ചു. അദ്ദേഹത്തിന്റെ അക്ഷരങ്ങൾ നല്ലപോലെ അദ്ദേഹം തിരിച്ചറിഞ്ഞു. ഭാസിക്ക് അന്ന് ഒരു ഹെഡിങ് എഴുതാൻ പതിനഞ്ചു രൂപ കൊടുക്കുമായിരുന്നു. പിന്നീട് അത് ഇരുപതാക്കി കൂട്ടിയതായി എനിക്കറിയാം. അന്ന് വിദ്യാഭ്യാസരംഗത്തിലൊക്കെ ഞാൻ ഭാസിക്ക് അഞ്ചു ഹെഡിങ് കൊടുക്കും. അതിനു അന്ന് നൂറു രൂപ കിട്ടിയിരുന്നത് വലിയ തുകയായിരുന്നു എന്ന് ഭാസി ഓർക്കുന്നു. കെ സി നാരായണൻ തിൻ (Thin) ഹെഡിങ് ആണ് എഴുപ്പിച്ചിരുന്നതെന്നും ഭാസി ഓർത്തു.

മാതൃഭൂമി ലേഔട്ട് വിഭാഗത്തിൽ ഭാസ്കരൻ പണ്ട്

ഭാസിയോടു ഞാൻ പലപ്പോഴും എട്ടു കോളം റിബ്ബൺ എന്നേ പറയു. അങ്ങനെ എഴുതിയതാണ് ഈ മൊബൈൽ ഫോൺ ഹെഡിങ്. ആ വാർത്തയോടൊപ്പം മൊബൈൽ ഫോൺ കണക്ഷൻ ചിത്രീകരണം ലേഖകൻ അയച്ചുതന്നതും കൊടുത്തിട്ടുണ്ട്. ഹ്യൂമാനിറ്റീസ് മാത്രം പഠിച്ച എനിക്ക് ഇതൊക്കെ വലിയ രസകരമായിരുന്നു. വിജ്ഞാനരംഗത്തിൽ ഇവർ എഴുതിയിരുന്നത് അൽപ്പം എഡിറ്റിംഗ് ഒക്കെ നടത്തി പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാർക്കു എളുപ്പം വായിക്കാനായി. എന്നാൽ എൻ വി കൃഷ്ണവാര്യർ മുഖ്യ പത്രാധിപർ ആയിരിക്കെ തിങ്കളാഴ്ചകളിൽ എഴുതിയിരുന്നത് എനിക്ക് തീരെ മനസ്സിലാവുമായിരുന്നില്ലെന്നു പറയാൻ മടിയില്ല. അദ്ദേഹം എഴുതിയിരുന്നത് അത്ര സങ്കീർണ്ണമായിട്ടാണ്.

റിട്ടയർ ചെയ്ത ഭാസ്കരൻ ഇപ്പോൾ

മാതൃഭൂമി വിജ്ഞാനരംഗം കുറേക്കാലം ഹരികൃഷ്ണൻ (വൺ ഇന്ത്യ) നോക്കിയിരുന്നു. അത് പിന്നീട് നിർത്തിയത് വലിയ നഷ്ടമായി. ഒരിക്കൽ വായനക്കാർക്കിടയിൽ ഒരു സർവ്വേ നടത്തിയപ്പോൾ ഏറ്റവും അധികം പേർക്ക് താൽപ്പര്യം ആ പേജിനോടായിരുന്നു. അങ്ങനെ പോപ്പുലാരിറ്റിയുള്ള പേജ് നിർത്തരുതായിരുന്നു.

പേജ് കണ്ടാൽ ഏതു പത്രം എന്ന് പെട്ടെന്ന് പറയാൻ കഴിയും വിധം തനിമയുള്ളതു നല്ലതാണ്. രാഷ്ട്രീയ വാർത്തകൾ മാത്രം കൊടുത്താൽ കുറെ ജനങ്ങൾക്ക് താൽപ്പര്യം ഉണ്ടാവില്ല. വിജ്ഞാന കാര്യങ്ങൾക്കും ഇടം നൽകണം. ഇപ്പോൾ ബിസിനസ് പേജിനും സ്പോർട്സിനും വല്ലപ്പോഴും കാർഷികത്തിനും ഒക്കെ സ്ഥലം നൽകുന്നതുപോലെ. വിദ്യാഭ്യാസവാർത്തകൾക്കു പോലും മലയാള പത്രങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നില്ല.

 

 

4 COMMENTS

  1. നല്ല ഓർമ്മകൾ. വായിക്കാൻ ഒരു രസമുണ്ട്. അവസാനത്തെ വാചകം വളരെ ശരിയാണ്. മാതൃഭൂമിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസ പോർട്ടലിനു ചലനമില്ല.

    പഴയ കട്ടിങ്ങുകൾ കൈവശം സൂക്ഷിക്കുന്നവയാണോ ? നന്നായിരിക്കുന്നു.

    • പഴയ കട്ടിങ്ങുകൾ കയ്യിലുണ്ട്. പക്ഷെ അത് തപ്പിയെടുക്കുക പ്രയാസമാണ്. പലതും മറ്റുള്ളവരുടെ കയ്യിൽ നിന്നാണ് കിട്ടുന്നത്. അനുമോദനത്തിനു നന്ദി സർ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.