ഞാൻ പറയാൻ പോകുന്ന അനുഭവം 1984 ലാണ്. ആ ജനവരിയിൽ ആണ് ഞാൻ മാതൃഭൂമിയിൽ ചേർന്നത്. കോഴിക്കോട് ഓഫീസിൽ. അന്ന് ജോലി അധികവും ഇംഗ്ളഷിലുള്ള പി ടി ഐ , യു എൻ ഐ കോപ്പികൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തലാണ് . അന്നും ഇന്നും ഒരു കാര്യം എനിക്ക് നിർബന്ധമാണ്. ആദ്യം വായിച്ചു എനിക്ക് മനസ്സിലായ ശേഷമേ അത് പരിഭാഷപ്പെടുത്തു. സംശയം വന്നാൽ അടുത്തിരിക്കുന്ന സഹപ്രവർത്തകനോട് ചോദിക്കും.
അങ്ങനെയിരിക്കെ , ഒരു റോയിട്ടർ കോപ്പി പരിഭാഷപ്പെടുത്തേണ്ടി വന്നു. രാവിലെയുള്ള ഷിഫ്റ്റിലാണ് അന്ന് ജോലി. ആ വാർത്തകൾ എഡിറ്റോറിയൽ പേജിലാണ് വന്നിരുന്നത്. അന്ന് നോക്കിയ കോപ്പിയിൽ ഒരു അസുഖത്തെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലായി. AIDS എന്ന് മാത്രമേ പറയുന്നുള്ളു. അതിന്റെ പൂർണ്ണ രൂപമോ മറ്റോ ഇല്ല. അത് സഹപ്രവർത്തകരോട് ചോദിച്ചാൽ പോരാ എന്ന് തോന്നി.
ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ സീനിയേഴ്സ് ഹോസ്റ്റലിൽ ഫോണിൽ വിളിച്ചു. ഫോൺ എടുത്ത ആൾക്ക് അറിയില്ല. അയാൾ ഹോൾഡ് ചെയ്യാൻ പറഞ് മറ്റു കുട്ടികളോട് ചോദിക്കുന്നത് ഞാൻ കേട്ടു. എടാ എടാ , ദേ. മാതൃഭൂമിയിൽ നിന്ന് വിളിക്കുന്നു ..എന്തോ ഒരു അസുഖത്തെ കുറിച്ച് ചോദിക്കാൻ. എല്ലാവരും മാറി മാറി സംസാരിച്ചു. ആർക്കും അറിയില്ല. ഞാൻ വിട്ടില്ല. കോഴിക്കോട്ടെ പ്രഗത്ഭ ഡോക്ടർമാരെ പലരെയും ഫോണിൽ വിളിച്ചു. പലർക്കും അറിയില്ല. കേട്ടിട്ട് പോലുമില്ല.
എന്നാൽ ഡോ. എൻ എസ് വേണുഗോപാൽ എന്ന ഡോക്ടർ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്താണ് AIDS, പൂർണ്ണ രൂപം, അർഥം , കൂടുതൽ കാര്യങ്ങൾ എല്ലാം പറഞ് തന്നു. അദ്ദേഹത്തെ മറക്കാൻ പറ്റില്ല. ഞാൻ ആ കോപ്പി സമാധാനമായി പരിഭാഷപ്പെടുത്തി. അത് വായിച്ചവർക്കും മനസ്സിലാവാതെ വരില്ല. അത്രത്തോളം ലളിതമായിട്ടാണ് ഡോ. വേണുഗോപാൽ വിശദീകരിച്ചു തന്നത്. ഇങ്ങനെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. തെറ്റായി പറഞു തന്ന സർവകലാശാലാ പ്രൊഫസ്സറും ഒക്കെ അതിൽ പെടും.
ഈ പോസ്റ്റ് എല്ലാ നല്ല ഡോക്ടർമാർക്കുമായി സമർപ്പിക്കുന്നു. നിങ്ങൾ അറിയാത്തതു പറഞ്ഞുതന്നില്ല. അറിയില്ല എന്നേ പറഞ്ഞുള്ള. അന്ന് ഗൂഗിൾ സേർച്ച് ഒന്നുമില്ലാതിരുന്ന കാലമാണ്. ഡോ വേണുഗോപാൽ നല്ല വായന ഉണ്ടായിരുന്ന ഡോക്ടർ ആണ്.,