സി പി എമ്മിലെ തർക്കം മുറുകുമ്പോൾ പഴയ ഒരു സംഭവം ഓർത്തു പോകുന്നു. 1985 ൽ ആണ് ആ സംഭവം. മുസ്ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂടെ കൂട്ടി കോൺഗ്രസിനെ നേരിടാമെന്നുള്ള ആശയം അന്ന് കണ്ണൂരിൽ നിന്നുള്ള പ്രഗത്ഭനായ നേതാവ് എം വി രാഘവൻ അഭിപ്രായപ്പെട്ടതു വലിയ ചലനങ്ങളാണ് പാർട്ടിയിൽ ഉണ്ടാക്കിയത്. ബദൽ രേഖ എന്നറിയപ്പെട്ട ഈ സമീപനരേഖ പക്ഷെ കൽക്കത്ത പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊച്ചിയിൽ നടന്ന നേതൃയോഗത്തിൽ തള്ളപ്പെട്ടു. ഇത് വരെയും എല്ലാ പത്രങ്ങളും കൊടുത്തു.
പക്ഷെ പിറ്റേന്ന് മാതൃഭൂമിയിൽ വന്ന ടോപ് ബ്രേക്ക് അപ്പ് ഐറ്റം രാഘവനും കൂട്ടരും ബദൽ രേഖയുമായി കൽക്കത്തക്ക് എന്ന കെ പ്രഭാകരന്റെ എക്ലൂസിവ് വാർത്തയുമായാണ്. എന്റെ ഓർമ്മയിൽ അന്ന് ബദൽ രേഖക്ക് രാഘവനോടൊപ്പം നായനാരും സി കെ ചക്രപാണിയും ശിവദാസ മേനോനും ഒക്കെ ഉണ്ടായിരുന്നു. ഇത് മറ്റു പത്രങ്ങൾക്കു കിടുക്കം സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു. നായനാരൊക്കെ പിന്നീട് പിന്മാറിയെങ്കിലും എം വി ആർ പിന്മാറിയില്ല. ഇപ്പോൾ കാരാട്ട് വിഭിന്ന സ്വരം പുറപ്പെടുവിച്ച പോലെയായിരുന്നു അത്. കൽക്കത്ത കോൺഗ്രസിലും അത് തള്ളപ്പെട്ടു . തുടർന്നാണ് രാഘവൻ സിഎംപി രൂപീകരിക്കുന്നത്. ബദൽ രേഖ മലയാളത്തിൽ തയ്യാറാക്കിയത് ചക്രപാണിയാണെന്നു തോന്നുന്നു. കൽക്കത്ത കോൺഗ്രസിൽ ഇംഗ്ലീഷിൽ അവതരിപ്പിച്ചു സംസാരിച്ചത് ശിവദാസ മേനോനും. (മാതൃഭൂമിയിലെ ആദ്യകാല പത്രാധിപരിൽ ഒരാളായ പി നാരായണൻ നായരുടെ മകനാണ് കെ പ്രഭാകരൻ)
അന്ന് മാതൃഭൂമിയിൽ സിപിഎം ഉൾക്കഥകൾ വന്നിരുന്നത് അഥവാ തന്നിരുന്നത് തലസ്ഥാന ലേഖകൻ ആയിരുന്ന കെ പ്രഭാകരൻ ആണ്. പിന്നെയും കുറെ വാർത്തകൾ കെപ്ര എന്ന് ഞങ്ങൾ വിളിക്കുന്ന പ്രഭാകരേട്ടൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. .അത് എം ഡി നാലപ്പാടിന്റെ കാലത്തായിരുന്നതിനാൽ ഇരു ചെവി അറിയാതെ വാർത്ത പത്രത്തിൽ വന്നിരുന്നു. ആർക്കും മോഷ്ടിക്കാൻ ആവാത്ത വിധത്തിൽ ആയിരുന്നു അവ കൈകാര്യം ചെയ്തിരുന്നത്.
പ്രഭാകരേട്ടൻ പിന്നെയും കുറെ പ്രത്യേക വാർത്തകൾ അക്കാലത്തു എഴുതിയിട്ടുണ്ട്. എല്ലാം സത്യമായിരുന്നുതാനും. ബദൽരേഖ വാർത്ത നന്നായി മാതൃഭൂമി സ്കോർ ചെയ്തു. രാഘവന്റെ ചിത്രവുമുണ്ടായിരുന്നു എന്നാണു ഓർമ്മ. ബദൽ രേഖ അങ്ങനെ തന്നെ പകർത്തി കൊടുക്കുകയും ചെയ്തു.
പിന്നീട് സി പി എമ്മിലെ മറ്റൊരു പിളർപ്പ് ഗൗരിയമ്മ പുറത്തുപോയതാണ്. അതിനു പിന്നിൽ ആലപ്പുഴ ലേഖകൻ ആയിരുന്ന പി ടി രത്‌നസിംഗ് എഴുതിയ നിരന്തരമായ വാർത്തകൾ വഴിവെച്ചിട്ടുണ്ടെന്നു പാർട്ടിക്കാർക്ക് പോലും അറിയാം. സി പി എമ്മിലെ ഉൾക്കഥകൾ പിന്നീട് റിപ്പോർട്ട് ചെയ്തതിൽ അധികവും ടി അരുൺകുമാറാണ് (ഇപ്പോൾ ജന്മഭൂമി പത്രാധിപർ). അരുൺകുമാറിന് സി പി എമ്മുമായി നല്ല അടുപ്പവുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തെ തൃശ്ശൂർക്ക് വീണ്ടും സ്ഥലം മാറ്റിയപ്പോൾ എന്നെയും കൊണ്ട് അദ്ദേഹം പഴയ നേതാക്കന്മാരെ കാണാൻ പോയി. സി പി എം ഓഫീസിൽ അന്ന് ജില്ലാ സെക്രട്ടറി മാമക്കുട്ടിയെ കണ്ടപ്പോൾ ഉടനെ അദ്ദേഹം സ്നേഹത്തോടെ എന്താ അരുൺ എന്ന് ചോദിച്ചതും ഇങ്ങോട്ടു മാറ്റമായി എന്ന് പറഞ്ഞപ്പോൾ നന്നായി എന്ന മറുപടി കേട്ട് അദ്ദേഹം ചിരിച്ചതും ഓർമ്മയുണ്ട്. പിന്നീട് ഞങ്ങൾ സി പി ഐ നേതാവും സി അച്യുതമേനോന്റെ അളിയനുമായ വി വി രാഘവനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു സൗഹൃദം പുതുക്കി. എന്തൊരു എളിമയുള്ള മനുഷ്യനായിരുന്നു…
ഇപ്പോൾ കോൺഗ്രസ് ഇല്ലാതെ ബി ജെ പി യെ തോൽപ്പിക്കണമെന്ന കാരാട്ട് തിയറി അപഹാസ്യമായി തോന്നുന്നു. സി പി എമ്മിന് എവിടെയാണ് ഇപ്പോൾ വേരുള്ളത്. 2019 ൽ കൂടുതൽ ശക്തി പ്രാപിക്കുമോ എന്നറിയില്ല. എങ്കിലും ഒരു പഴയ ഓർമ്മ പങ്കു വെച്ചതാണ്…