കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം നേടി സാങ്കേതിക സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ കണക്കു വെച്ച് നോക്കിയാൽ അൻപതോളം കോളേജുകൾ പൂട്ടേണ്ടി വരും. ഭീകരമായ അവസ്ഥയാണ്. ഈ വർഷവും മാറ്റം വരാൻ ഇടയില്ല. അതുകൊണ്ടു മാനേജ്മെന്റുകളുടെ ഫോൺവിളി കേട്ട് ഓടിപ്പോയി ചേരേണ്ട.
സംസ്ഥാന എൻജിയിയറിങ്/ മെഡിക്കൽ റാങ്ക് ലിസ്റ്റ് വന്നു കഴിഞ്ഞു. ഇന്നു മുതൽ ഓപ്ഷൻ രെജിസ്ട്രേഷൻ ആരംഭിക്കും. ഓപ്ഷൻ കൊടുക്കുമ്പോൾ കുറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ ആദ്യമായി എൻജിയറിങ് കോളേജുകളുടെ കാര്യം പറയാം. അതിനു ശേഷം മെഡിക്കലിലേക്കു വരാം. മെഡിക്കലിന്റെ ചിത്രം കുറച്ചുകൂടി തെളിയാനുണ്ട്.
കഴിഞ്ഞ പല വർഷങ്ങളിലും നല്ല റാങ്ക് ഉള്ള കുട്ടികൾ പോലും തല്ലിപ്പൊളി കോളേജുകളിൽ ഓപ്ഷൻ കൊടുത്തതിന്റെ ഭാഗമായി മോശം കോളേജുകളിൽ അലോട്ട്‌മെന്റ് കിട്ടുകയും ചേരേണ്ടിവരികയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു ഇത്തവണ ഓപ്ഷൻ കൊടുക്കുന്നതിനു മുൻപ് കഴിഞ്ഞ വർഷം ഓരോ കോളേജിലും ബാക്കി വന്ന സീറ്റുകളുടെ കണക്കു ഇവിടെ തരാം. ഇതിൽ രഹസ്യമൊന്നുമില്ല. സത്യസന്ധമായ പട്ടിക പ്രകാരമുള്ളതാണ് ഈ കണക്ക്.
കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം നേടി സാങ്കേതിക സർവ്വകലാശാലയിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ കണക്കു വെച്ച് നോക്കിയാൽ അൻപതോളം കോളേജുകൾ പൂട്ടേണ്ടി വരും. ഭീകരമായ അവസ്ഥയാണ്. ഈ വർഷവും മാറ്റം വരാൻ ഇടയില്ല. അതുകൊണ്ടു മാനേജ്മെന്റുകളുടെ ഫോൺവിളി കേട്ട് ഓടിപ്പോയി ചേരേണ്ട. മെറിറ്റിൽ കിട്ടിയാൽ നല്ല കോളേജിൽ ചേരാൻ നോക്കുക. കഴിഞ്ഞ വർഷം ഏറ്റവും കുറവ് കുട്ടികൾ ചേർന്ന കോളേജാണ് ശ്രീ എറണാകുളത്തപ്പൻ കോളേജ്. അവിടെ ആകെ അനുവദിക്കപ്പെട്ട 240 സീറ്റിൽ കേവലം ആറു പേരാണ് ചേർന്നത്. തൃശൂർ ജില്ലയിലെ മുപ്ലിയത്താണ് ഈ കോളേജ്. തൃശൂർ ജില്ലയിലെ തന്നെ മറ്റൊരു കോളേജ് ആയ ആക്സിസ് കോളേജിൽ ആകെ പതിമൂന്നു പേരാണ് ചേർന്നത്. അവിടെ 420 സീറ്റാണ് ആകെയുള്ളത്. ഇത്രയും സീറ്റുണ്ടായിട്ടും നൂറു കുട്ടികൾ പോലും ചേരാത്ത അമ്പതിലധികം കോളേജുകൾ ഉണ്ട്.
മലപ്പുറത്തെ വേദവ്യാസ കോളേജിൽ ആകെ 420 സീറ്റ് ഉള്ളതിൽ കേവലം 33 പേരാണ് ചേർന്നത്. നോർത്ത് പറവൂരിലെ മാതാ കോളേജിൽ ആകെയുള്ള 360 സീറ്റിൽ ചേർന്നത് 28 പേരാണ്. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും കൂടിയുള്ള കണക്കാണിത്. എറണാകുളം ജില്ലയിലെ ക്രൈസ്റ്റ് നോളേജ് സിറ്റിയിൽ 300 സീറ്റ് ഉണ്ട്. ചേർന്നത് 24 പേർ മാത്രം. അങ്ങനെ പോകുന്നു കണക്കുകൾ
സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കോളേജുകൾ രാജഗിരി, മുത്തൂറ്റ് , ഫിസാറ്റ് , ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്, അമൽ ജ്യോതി, സെന്റ് ഗിറ്റ്സ്, മാർ ബസേലിയോസ് , വിമൽ ജ്യോതി , ആദിശങ്കര, മരിയൻ കോളേജ് എന്നിങ്ങനെയാണ്. ഇത് റിസൾട്ടിന്റെ അടിസ്ഥാനത്തിൽ അല്ല. ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്ന കോളേജുകൾ ആണിവ.
ഏറ്റവും മോശവും ഏറ്റവും നല്ലതുമായ കോളേജുകളിൽ ചിലതു കൊടുത്തുവെന്നേയുള്ളു. നല്ല കോളേജുകൾ വേറെയുമുണ്ട്. എറണാകുളത്തു എസ് സി എം എസ്, ടോക് എച് , ശ്രീനാരായണ ഗുരുകുലം എന്നിവ മോശമല്ല. ഫിസാറ്റ് നടത്തുന്നത് ഒരു ട്രേഡ് യൂണിയൻ ആണ്. അതായത് ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ . അതുകൊണ്ടു സ്വന്തം കോളേജ് പോലെയുള്ള സ്വാർഥതാൽപ്പര്യം അവിടെയുണ്ടാവില്ല. ഞാൻ അനുഭവിച്ചറിഞ്ഞതാണ് അത്. രേഖകൾ പിടിച്ചുവെക്കലൊന്നും അവിടെയില്ല.
പൂട്ടിയത് പന്ത്രണ്ടു കോളേജുകൾ
വേണ്ടത്ര കുട്ടികൾ ഇല്ലാത്തതിനാൽ നടത്തിക്കൊണ്ടു പോകാൻ പറ്റാതെ പന്ത്രണ്ടു കോളേജുകൾ ഇതിനകം പൂട്ടിയിട്ടുണ്ടെന്നു അറിയുക. അതിൽ ഒരു കോളേജ് പോളി ആക്കി മാറ്റി. മറ്റുള്ളവയിൽ പഠിച്ച കുട്ടികൾ മറ്റു കോളേജുകളിലേക്കു മാറിക്കൊണ്ടിരിക്കുന്നു. ഇനി പൂട്ടിയ കോളേജുകൾ ഏതൊക്കെയെന്നു നോക്കാം…
1.അർച്ചന കോളേജ് ഓഫ് എൻജിയിറിംഗ്
2.ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
3.കെ എം പി കോളേജ് ഓഫ് എൻജിയിറിംഗ്
4.കെ വി എം കോളേജ് ഓഫ് എൻജിയിറിംഗ്
5.മൂകാംബിക ടെക്നിക്കൽ ക്യാമ്പസ്
6.പങ്കജകസ്തൂരി കോളേജ് ഓഫ് എൻജിയിറിംഗ്
7.പിനാക്കിൾ സ്കൂൾ ഓഫ് എൻജിയിയറിങ് ആൻഡ് ടെക്നോളജി
8.പ്രൈം കോളേജ് ഓഫ് എൻജിയിറിംഗ്
9.ഷാഹുൽ ഹമീദ് മെമ്മോറിയൽ എൻജിയിറിംഗ് കോളേജ്
10.സെന്റ് ഗ്രീഗോറിയോസ് കോളേജ് ഓഫ് എൻജിയിറിംഗ്
11.ട്രാവൻകൂർ എൻജിയിറിംഗ് കോളേജ്
12.യൂനുസ് കുഞ്ഞു കോളേജ് ഓഫ് എൻജിനിയറിങ്, തലച്ചിറ, കൊല്ലം.
ഈ കോളേജുകൾ ഇത്തവണ ഓപ്ഷൻ പട്ടികയിൽ കാണുകയില്ല. പക്ഷെ പട്ടികയിൽ പേര് കാണുന്ന കോളേജുകളിൽ പലതും ഇത് പോലെ വരും വർഷങ്ങളിൽ പൂട്ടാനുള്ളവയാണ്. നല്ലതു മാത്രം നില നിൽക്കും. അല്ലാത്തവയിൽ ചേർന്ന് കഷ്ടപ്പെടരുതെന്നു വിദ്യാർഥികളോടും അവരുടെ രക്ഷാകർത്താക്കളോടും അഭ്യർത്ഥിക്കട്ടെ. ഓപ്ഷൻ രെജിസ്ട്രേഷൻ പ്രക്രിയയെക്കുറിച്ചു മറ്റെവിടെയും കാണാത്ത കാര്യങ്ങൾ നിങ്ങൾക്ക് ഇവിടെ പ്രതീക്ഷിക്കാം. ഇതൊരു വ്യത്യസ്തമായ കർമ്മമേഖലയാണ്. ലാഭം ഇവിടെ ഉദ്ദേശിക്കുന്നില്ല.