1983 ൽ എപ്പോഴോ ഒരിക്കലാണ് മാതൃഭൂമിയുടെ കൊച്ചി ഓഫീസിൽ ഇന്റർവ്യൂവിനു ഹാജരായത്. അതിനു മുൻപ് എഴുത്തുപരീക്ഷ കലൂർ മോഡൽ സ്കൂളിൽ ആയിരുന്നു. എഴുത്തുപരീക്ഷക്കു വിവർത്തനം പശ്ചിമ ബംഗാൾ ധനകാര്യ മന്ത്രി അശോകമിത്ര എകെജി ഭവനിൽ നടത്തിയ ഒരു പ്രസംഗം ആയിരുന്നു. കമ്മ്യൂണിസ്റ്റ് പദാവലികൾ ധാരാളം ഉണ്ടായിരുന്നതിനാൽ പരിഭാഷ ബുദ്ധിമുട്ടുണ്ടാക്കിയില്ല. മറ്റീരിയലിസ്റ്റിക് ഇന്റർപ്രെറ്റേഷൻ ഓഫ് ഹിസ്റ്ററി, ഡയലിറ്റിക്കൽ മെറ്റീരിയലിസം , ഡിക്‌റ്റേറ്റർഷിപ് ഓഫ് പ്രോലിറ്റേറിയറ്റ്, സർപ്ലസ് വാല്യൂ എന്നിവയൊക്കെ ഭംഗിയായി പരിഭാഷപ്പെടുത്താൻ സാധിച്ചത് ഓർക്കുന്നു. പകരം വല്ല ശാസ്ത്ര പദങ്ങൾ ആയിരുന്നുവെങ്കിൽ പണിയായേനെ.
ടെസ്റ്റ് പാസ്സായി ഇന്റർവ്യൂവിനു ചെന്നപ്പോൾ ഡെസ്കിനു പുറകെ കൂടി ആണ് പോകുക. എം പി സുരേന്ദ്രൻ ഡെസ്കിൽ ഇരുന്നു എന്തോ എഴുതുന്നത് കണ്ടിരുന്നു. ഇന്റർവ്യൂവിനു അകത്തു കടന്നപ്പോൾ പത്രാധിപസമിതി അംഗങ്ങൾ കുറെ. പത്രാധിപർ വി പി ആർ, ഡെപ്യൂട്ടി എഡിറ്റർ വി എം കോറാത്ത്, അസിസ്റ്റന്റ് / ന്യൂസ് ഏഡിറ്റർമാരായ കെ കെ ശ്രീധരൻ നായർ , വിംസി, വേണുക്കുറുപ്പ് , കെ പി വിജയൻ …(രാജേട്ടൻ ….പി രാജൻ..ഉണ്ടായിരുന്നു എന്ന് തോന്നുന്നു) അങ്ങനെ കുറെ പേർ. മറ്റാരൊക്കെയെന്നു ഓർമ്മയില്ല.
ഏറ്റവും കൂടുതൽ ചോദിച്ചത് വേണുക്കുറുപ്പ് ആണ്. ഏതൊക്കെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നുണ്ടെന്നാണ് വേണുക്കുറുപ്പ് ചോദിച്ചത്. അക്കാലത്തു കയ്യിൽ പൈസ കുറവുള്ളതുകൊണ്ടു വിദേശ സാഹിത്യം ഒക്കെ അറിയാൻ സംക്രമണം എന്ന മാസിക ഞാൻ വായിച്ചിരുന്നു. ഞാൻ വേണുക്കുറുപ്പിനോട് അത് പറഞ്ഞു . ന്യൂസ് പ്രിന്റിൽ അടിച്ചിരുന്ന ആ മാസിക കെ എൻ ഷാജിയും പ്രിയദാസും കൂടി തിരുവനന്തപുരത്തു നിന്ന് ഇറക്കിയിരുന്നതാണ്. മാർക്വിസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ ഞാൻ അങ്ങനെയാണ് വായിച്ചത്. കാശ് കൊടുത്തു പുസ്തകം വാങ്ങാൻ അന്ന് കഴിയുമായിരുന്നില്ല.
വേണുക്കുറുപ്പ് എന്നോട് മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു വില കുറവ്, നല്ല ഗുണം, ഇതൊക്കെ തന്നെയാണ് കാര്യങ്ങൾ. വീണ്ടും വീണ്ടും അദ്ദേഹം എന്നോട് അക്കാര്യം ചോദിച്ചു. വീണ്ടും ഞാൻ ഇതേ കാര്യം പറഞ്ഞതോടെ നിർത്തി ചോദിക്കൽ. വിംസി യുടെ ഊഴമായപ്പോൾ സ്പോർട്സിൽ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു. വലിയ താൽപ്പര്യമില്ല എന്ന് പറഞ്ഞതോടെ അദ്ദേഹം നിർത്തി. പിന്നെ വി പി ആർ എന്തോ ചോദിച്ചു. കൊറാത്തും. അത് ഞാൻ ഓർക്കുന്നില്ല.
മാതൃഭൂമിയിൽ കയറിയ ശേഷമാണ് അറിഞ്ഞത് സംക്രമണം മാസികയെ കുറിച്ച് വേണുക്കുറുപ്പ് വീണ്ടും വീണ്ടും ചോദിച്ചത് നക്സൽ ബന്ധമുണ്ടോ എന്നറിയാൻ ആയിരുന്നുവത്രെ. എന്റെ എല്ലാ മറുപടികളും ക്ഷമയോടെ കേൾക്കാൻ ആ പ്രഗത്ഭർ എല്ലാവരും തയ്യാറായി എന്നതാണ് ഏറെ ശ്രദ്ധേയം. അതുകൊണ്ടു തന്നെ എന്റെ ജീവിതത്തിൽ ഇത്രയും തൃപ്തി തന്ന ഇന്റർവ്യൂ വേറെ ഉണ്ടായിട്ടില്ല.