1979 ൽ എം എ പാസ്സായ ശേഷം ഞാൻ അഭിമുഖീകരിച്ച ഏറ്റവും നല്ല ഇന്റർവ്യൂ മാതൃഭുമിയിലേതായിരുന്നു. അതിനു മുൻപ് കോളേജ് അധ്യാപക നിയമനത്തിനുള്ള പല ഇന്റർവ്യൂകളിലും ഹാജരായിട്ടുണ്ട്. തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിൽ വെച്ചായിരുന്നു ജൂനിയർ ലെക്ചർഴ്സ് ഇന്റർവ്യൂ. ചോദ്യങ്ങൾക്കു മുഴുവൻ മറുപടി നൽകാൻ സമയമില്ലാത്ത അവസ്ഥ. എന്നിട്ടും റാങ്ക് 42 കിട്ടി. അന്ന് സംസ്ഥാനത്തു ആകെ 82 ഒഴിവുകൾ ഉണ്ട് എക്കണോമിക്കസിൽ മാത്രം. കാരണം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷമായിരുന്നു. അപ്പോൾ എന്റെ പ്രതീക്ഷ എനിക്ക് കിട്ടുമെന്നായിരുന്നു.
പക്ഷെ ഇടക്ക് തൃശ്ശൂർ പി എസ് സി ഓഫീസിൽ പോയി നോക്കുമ്പോൾ ദേ അടുക്കാറായി എന്ന് തോന്നിയിരുന്നു. പക്ഷെ അതുണ്ടായില്ല. 42 റാങ്ക് കഴിഞ്ഞു 44 ഉം 48 ഉം ഒക്കെ ഓർഡർ കൊടുത്തു. അതും പോട്ടെ എന്നെ വിസ്മയിപ്പിച്ചുകൊണ്ടു സപ്ലിമെന്ററി പട്ടികയിലെ 200 ഉം 210 ഉം റാങ്ക് ഉള്ളവർക്ക് വരെ ഓർഡർ കൊടുത്തു കണ്ടപ്പോൾ എനിക്ക് തോന്നി എന്നോട് അന്യായം ചെയ്യുകയാണെന്ന്.
ഞാൻ എറണാകുളത്തു വന്നു ഒരു വക്കീലിനെ കണ്ടു കാര്യം പറഞ്ഞു, ആസാദ് റോഡിൽ ഉള്ള ഏതോ ഒരു മേനോൻ ആയിരുന്നു വക്കീൽ. കേസ് ഏറ്റെടുത്ത അദ്ദേഹം ക്ലർക്കിനു 250 രൂപ കൊടുക്കാൻ പറഞ്ഞു.( അന്നത്തെ 250 നു അല്പം വില കൂടുതലാ). ഞാൻ അത് കൊടുക്കുകയും ചെയ്തു. കേസല്ലേ , സമയം പോകുമല്ലോ. അതിനിടക്ക് എനിക്ക് മാതൃഭൂമിയുടെ ഇന്റർവ്യൂ കത്ത് ലഭിച്ചു. പത്രാധിപന്മാർ മാത്രം പങ്കെടുത്ത ആ ഇന്റർവ്യൂ വിൽ അര മണിക്കൂറോളം തലങ്ങും വിലങ്ങും ചോദ്യങ്ങൾ. അവസാനം ഓർഡറും കിട്ടി.
കേസിന്റെ കഥ പറയാം. ഞാൻ മാതൃഭൂമിയിൽ കയറി ഏതാനും നാൾ കഴിഞ്ഞപ്പോൾ വക്കീലിന്റെ കത്ത് കിട്ടി. എറണാകുളത്തു ചെല്ലാൻ . അങ്ങനെ ഞാൻ പോയി. അപ്പോൾ വക്കീൽ സംഭവം വിവരിച്ചു. നീതിമാനായ ജസ്റ്റിസ് ചന്ദ്ര ശേഖര മേനോന്റെ ബെഞ്ചിൽ ആണ് കേസ് വന്നത്. അദ്ദേഹം എന്റെ വക്കീലിനെ ശാസിച്ചു . നിങ്ങൾക്ക് ഭരണഘടനയെ ചോദ്യം ചെയ്യാൻ ആവില്ല. അതുപ്രകാരമുള്ള സംവരണം പാലിച്ചാണ് നിയമനം. നിങ്ങളുടെ കക്ഷിക്ക് നിയമന ഉത്തരവ് ലഭിക്കണമെങ്കിൽ 85 ഒഴിവുകൾ വേണം. പിന്നെ നിങ്ങളുടെ കക്ഷിയുടെ പ്രയാസം ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടു പറയുകയാണ്. ഈയിടെ പത്രത്തിൽ മുഖ്യമന്ത്രിയുടേതായ ഒരു പ്രസ്താവന കണ്ടു. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി 3 വർഷമായി കൂട്ടുമെന്ന്. അത് നിങ്ങളുടെ കക്ഷിക്ക് അനുകൂലമാവുമോ എന്ന് പരിശോധിച്ച് ഒന്ന് കൂടി സമർപ്പിക്കു എന്ന്. ( ഓർഡർ ആയെങ്കിൽ അതിന്റെ ഗുണം എനിക്കും കൂടി കിട്ടും വിധം ഉത്തരവ് ഇറക്കാമെന്ന് സാരം ).
ഇത് വക്കീൽ എന്നോട് പറഞ്ഞപ്പോൾ എനിക്ക് എന്നോടും എന്റെ വക്കീലിനോടും വന്ന ദേഷ്യം ചില്ലറയല്ല. ചന്ദ്രശേഖര മേനോൻ എന്ന ജസ്റ്റിസിനോട് അതിയായ ബഹുമാനവും തോന്നി. 50 : 50 എന്ന രീതിയിലാണ് നിയമനം എന്ന് അന്ന് ഞാൻ മനസ്സിലാക്കി. എനിക്കോ അതറിഞ്ഞില്ല, എന്റെ കേസ് ഏറ്റെടുത്ത വക്കീൽ എന്നോട് പറയേണ്ടതായിരുന്നില്ലേ അത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ഇങ്ങനത്തെ വക്കീൽമാർ ഇപ്പോഴും നമുക്കിടയിൽ ഉണ്ട്. പൈസയും സമയവും കളയുന്നവർ…പിന്നീട് വക്കീലിന്റെ കത്തുകൾ വന്നുകൊണ്ടിരുന്നു . ഞാൻ മൈൻഡ് ചെയ്തില്ല. അതൊരു കാലം. പക്ഷെ ദൈവം എന്നെ കൈവിട്ടില്ല. മാതൃഭൂമി എന്നെ തൃപ്തിപ്പെടുത്തി…