ഓപ്ഷൻ രെജിസ്ട്രേഷന് മുൻപ് ഞാൻ ചൂണ്ടിക്കാട്ടിയിരുന്ന ചില മോശം കോളേജുകളിലേക്കു കുട്ടികൾ ഓപ്ഷൻ കൊടുത്തില്ല എന്ന് മനസ്സിലായി. ലാസ്റ്റ് റാങ്ക് പട്ടിക നോക്കിയാൽ അത് മനസ്സിലാവും. നല്ല കോളേജുകളും അതുപോലെ തന്നെ. സന്തോഷം. സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മുൻപന്തിയിൽ രാജഗിരി, ഫിസാറ്റ്, മുത്തൂറ്റ് എന്നീ കോളേജുകൾ തന്നെ. പക്ഷെ ഇത്തവണ ശ്രദ്ധേയമായത് കുട്ടികൾ ഫീസിന് പ്രാധാന്യം കൊടുത്തു എന്നതാണ്. അതുകൊണ്ടു തന്നെ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുടെ പിറകിലാണ് സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകൾ. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിൽ മോഡൽ എൻജിയിയറിങ് കോളേജ് , തൃക്കാക്കര, തിരുവനന്തപുരം പാപ്പനംകോട്ടെ ശ്രീ ചിത്ര തിരുനാൾ എൻജിനിയറിങ് കോളേജ് എന്നിവ വളരെയേറെ മുന്നോട്ടു പോയി. മോഡലിലെ റാങ്ക് നില സർക്കാർ കോളേജുകളെ കടത്തിവെട്ടുന്നതാണ്. എറണാകുളത്തപ്പൻ കോളേജിൽ ഒരു കുട്ടി പോലും ഓപ്ഷൻ കൊടുത്തില്ല.
സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളിലെ എഞ്ചിനീയറിങ്ങ് കോഴ്സുകളിലെ താല്പര്യം പരിശോധിച്ചാൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങ് കോഴ്സ് (മികച്ച ലാസ്റ്റ് റാങ്ക് 5528) ഏറ്റവും ഡിമാന്‍റോടെ നിൽക്കുന്നതായി കാണാം
രണ്ടാമത്തെ സ്ഥാനം സിവിൽ എഞ്ചിനീയറിങ്ങിനാണ് (മികച്ച ലാസ്റ്റ് റാങ്ക് 8387) .തൊട്ടു പുറകിലായി മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് (മികച്ച ലാസ്റ്റ് റാങ്ക് 8490), തുടർന്ന്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് (മികച്ച ലാസ്റ്റ് റാങ്ക് 9776) ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് (മികച്ച ലാസ്റ്റ് റാങ്ക് 10251), എന്നീ ക്രമത്തിൽ വന്നിട്ടുണ്ട്.
ഉയർന്ന റാങ്കുള്ള വിദ്യാർത്ഥികളുടെ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളോടുള്ള താൽപ്പര്യം പരിശോധിച്ചാൽ രാജഗിരി എഞ്ചിനീയറിങ്ങ് കോളേജിലെ (RET) കോഴ്സുകളിൽ പഠിക്കുവാനാണ് വിദ്യാർഥികൾ താൽപ്പര്യം കാണിച്ചിരിക്കുന്നത്. ഫെഡറൽ ബാങ്കിന്‍റെ എഞ്ചിനീയറിങ്ങ് കോളേജ് (FIT), മുത്തൂറ്റ് എഞ്ചിനീയറിങ്ങ് കോളേജ് (MUT) എന്നിവ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് കുറഞ്ഞ ഫീസിൽ (35000 രൂപ) പഠിക്കുവാൻ സാധിക്കുന്ന സർക്കാർ നിയന്ത്രിത എഞ്ചിനീയറിങ്ങ് കോളേജുകളുടെ പുറകിലാണ് സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളോടുള്ള വിദ്യാർത്ഥികളുടെ താൽപ്പര്യം. ആദ്യ അല്ലോട്മെന്റിൽ കിട്ടിയവർ എല്ലാം ചേർന്നോളണമെന്നില്ല . അടുത്ത റൗണ്ടിന് മുൻപായി ചിത്രം കൂടുതൽ വ്യക്തമാവും