കൈതപ്രം ഗ്രാമത്തിൽ സോമയാഗം നടക്കുന്ന പാശ്ചാത്തലത്തിൽ ഇതുപോലെ ഒരു അനുഭവം തൃശൂർ ജില്ലയിൽ നടന്നപ്പോൾ മാതൃഭൂമിയിൽ അത് എഡിറ്റ് ചെയ്യാൻ കിട്ടിയ അവസരത്തെ കുറിച്ച് പറയട്ടെ. അതിരാത്രം എന്താണെന്ന് ജനങ്ങൾക്ക് ഇപ്പൊൾ അറിവുണ്ടാവും. അതിരാത്രം ഈ തലമുറയിൽ ഇല്ലാതിരുന്ന
കാലത്ത് കുണ്ടൂരിൽ 1990 ൽ അത് നടന്നപ്പോൾ റിപ്പോർട്ട് ചെയ്തത് ഞങ്ങളുടെ മാതൃഭുമി ഗുരു ഉത്തമാജി ആയിരുന്നു.
അന്ന് കൊച്ചി ഡെസ്കിൽ ഉത്തമാജി അയക്കുന്നവ കൈകാര്യം ചെയ്തത് ഞാനാണ്. സംസ്കൃത ജഡിലമായ റിപ്പോർട്ടുകൾ സാധാരണക്കാരന് മനസ്സിലാവും വിധം കൈകാര്യം ചെയ്യാൻ ഞാൻ ഏറെ പണിപ്പെട്ടു.
പല വാക്കുകളുടെയും അർഥം ഞാൻ ഉത്തമാജീയോട് തന്നെ ചോദിക്കുമായിരുന്നു. ഉദാഹരണത്തിന് ഇഷ്ടി എന്താണെന്ന് ഞാൻ ചോദിച്ചു. യാഗം എന്ന് മറുപടിയും വന്നു. എല്ലാം ഉത്തമാജിക്ക് കാണാപ്പാഠം ആയിരുന്നു. ഒരിക്കൽ ഉത്തമാജി അത് സംബന്ധമായ ചില പുസ്തകങ്ങളും ലഘുലേഖകളും എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു. കയ്യിൽ വെച്ചോളൂ. എപ്പോഴെങ്കിലും വേണ്ടിവന്നാലോ എന്ന്.
ഞാൻ റിട്ടയർ ചെയ്യുന്നതുവരെ വേണ്ടിവന്നില്ല. അതിരാത്രം നടക്കുമ്പോൾ ഉത്തമാജി വെളുപ്പിന് മൂന്നുമണിക്ക് ഒക്കെ കുളിച്ചു യജമാനൻ്റെയും പത്നിയുടെയും സമീപം ചെല്ലുമായിരുന്നു. അരണി കിടഞ്ഞ് തീ ഉണ്ടാക്കൽ തുടങ്ങി പല കാര്യങ്ങളും ആദ്യ ദിവസങ്ങളിൽ മാതൃഭൂമിയിൽ മാത്രമായിരുന്നു വന്നത്. പിന്നീടു ഇംഗ്ലീഷ് പത്രങ്ങൾ ഉൾപ്പെടെ കൊടുക്കാൻ തുടങ്ങി.
കുണ്ടൂരിൽ അതിരാത്രവും പാഞാളിൽ സോമയാഗവും ആണ് നടന്നത് എന്നാണ് ഓർമ്മ. ഒരിക്കൽ ഉത്തമാജിയെ സഹായിക്കാൻ തൃശൂർ ലേഖകൻ ആയിരുന്ന ശങ്കര നാരായണനെയും കമ്പനി നിയോഗിച്ചു. ഇതിൽ ശങ്കരൻ സൈഡ്ലൈറ്റ്‌സ് മാത്രവും ഉത്തമാജി ചടങ്ങുകളുടെ വിശദ വിവരങ്ങളും തന്നു. ഒരു വ്യത്യാസം ഉണ്ടായിരുന്നു. ഉത്തമാജി നടന്ന ചടങ്ങുകളുടെ വിവരണവും ശങ്കരൻ പിറ്റേന്ന് എന്ത് നടക്കുന്നു എന്ന വിവരണവും ആണ് തന്നിരുന്നത്.
സ്വാഭാവികമായും ഉത്തമാജിയുടെ ഐറ്റം പ്രധാനമായി കൊടുക്കുകയും ശങ്കരൻ്റെത് എഡിറ്റ് ചെയ്ത് കൂടെ കൊടുക്കുകയും ആണ് പതിവ്. അവസാനത്തിന് മുൻപുള്ള ദിവസം ഇത് രണ്ടും വായിച്ചപ്പോൾ എനിക്ക് തോന്നി ശങ്കരൻ തന്ന ഐറ്റം ലീഡ് ആക്കാം എന്ന്.
യാഗശാല അവസാന ദിവസം അഗ്നിക്കിരയാവും. ഉത്തമാജി അത് തന്നിരുന്നില്ല. ശങ്കരൻ്റെ റിപ്പോർട്ടിൽ അത് വ്യക്തമായി പറയുന്നുണ്ടായിരുന്നു. എന്നേക്കാൾ എത്രയോ സീനിയർ ആയ ഉത്തമാജിയുടെ റിപ്പോർട്ടിൻ്റെ ലീഡ് ഞാൻ മാറ്റി. പിന്നീട് അതിരാത്രം കഴിഞ്ഞു ഉത്തമാജി കലൂർ ഓഫീസിൽ എത്തിയപ്പോൾ ഞാൻ ഇക്കാര്യം പറഞ്ഞു . അദ്ദേഹം പറഞ്ഞു അത് നന്നായി എന്ന്. ഇപ്പൊൾ സോമായാഗം നടക്കുമ്പോൾ ആരെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ടോ?