നിലവിലുള്ള 700 സീറ്റ് നഷ്ടപ്പെടുമ്പോള്‍ പുതുതായി 200 സീറ്റ് കിട്ടുന്നുണ്ട്
കൊച്ചി: മെഡിക്കല്‍ പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷവും അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നു. കേരളത്തിലെ ആറു സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലായി 700 സീറ്റ് നഷ്ടപ്പെടുകയാണ്. മെഡിക്കല്‍ കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം ഈ കോളേജുകളിലേക്ക് ഈ വര്‍ഷം പ്രവേശനാനുമതി നിഷേധിച്ചുകൊണ്ടും സീറ്റ് കുറച്ചു കൊണ്ടും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
വയനാട്ടിലെ ഡി.എം വയനാട് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (150), ഒറ്റപ്പാലത്തെ പി.കെ ദാസ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (150), പത്തനംതിട്ടയിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജ് (100), തൊടുപുഴയിലെ അല്‍ അഷര്‍ മെഡിക്കല്‍ കോളേജ് (150) എന്നിവയ്ക്ക് 2016 ലേക്ക് പൂര്‍ണമായും പ്രവേശനാനുമതി നിഷേധിച്ചു. തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളേജില്‍ 50 സീറ്റ് (കഴിഞ്ഞ വര്‍ഷം 150) മാത്രവും കണ്ണൂര്‍ മെഡിക്കല്‍ കോളേജിന് 100 സീറ്റ് (മുന്‍പ് 150) മാത്രവുമാണ് അനുവദിച്ചിട്ടുള്ളത്.
അതേസമയം തിരുവല്ലയില്‍ ഒരു പുതിയ കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്. ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് (100 സീറ്റ്). കൂടാതെ, തിരുവനന്തപുരത്ത് 100 സീറ്റോടെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൂടി വന്നേക്കും. ജനറല്‍ ആസ്പത്രിയോട് ചേര്‍ന്ന് വരുന്ന പ്രസ്തുത മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സലിന്റെ അനുമതിയായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി കൂടി മാത്രമേ ഇനി ആവശ്യമുള്ളൂ. ആകെ 700 സീറ്റ് നഷ്ടപ്പെടുമ്പോള്‍, പുതുതായി 200 സീറ്റ് ലഭിക്കുന്നുണ്ട്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കഴിഞ്ഞ ചില വര്‍ഷങ്ങളിലായി സര്‍ക്കാരുമായി കരാറിലൊപ്പിടുകയോ പൊതുപ്രവേശന പ്രക്രിയയില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. ഈ വര്‍ഷം അവര്‍ കരാര്‍ ഒപ്പിടും എന്നറിയുന്നു.
പുതുതായി മെഡിക്കല്‍ കോളേജ് തുടങ്ങാനുള്ള തിരുവനന്തപുരം പട്ടത്തെ എസ്.ആര് എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റേയും, തിരുവനന്തപുരത്തെ തന്നെ രുഗ്മിണി മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റേയും ചെര്‍പ്പുളശ്ശേരി റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റേയും അപേക്ഷകള്‍ തള്ളിയിട്ടുണ്ട്. കൂടാതെ കോഴിക്കോട്ടെ, KMCT മെഡിക്കല്‍ കോളേജിന്റെ നിലവിലെ 100 സീറ്റ്, 150 ആക്കാനുള്ള അപേക്ഷയും തള്ളി.
ഈ വര്‍ഷം പ്രവേശനം നിഷേധിക്കപ്പെടുന്ന കോളേജുകള്‍ക്ക് ഇനി കോടതിയെ സമീപിക്കുകയേ നിവൃത്തിയുള്ളൂ. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ ജൂണ്‍ 30 ന് ഓപ്ഷന് രജിസ്ട്രേഷന് ആരംഭിക്കുമ്പോള്‍ എന്‍ജിനീയറിങ് കോഴ്സുകള്‍ മാത്രമാണുണ്ടാവുകയെന്നറിയുന്നു. രണ്ടാം ഘട്ടത്തിലായിരിക്കും മെഡിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പെടുത്തുക. അപ്പോള്‍ മേല്‍പ്പറഞ്ഞ കോളേജുകള്‍ ഉണ്ടാവാനിടയില്ല.