ഒരിക്കൽ ഫേസ്ബുക്കിൽ പല തവണയായി പ്രസിദ്ധീകരിച്ചതാണിത് ഇപ്പോൾ വെബ്സൈറ്റിൽ ഒരുമിച്ചു കൊടുക്കുന്നു. മുൻപ് വായിച്ചവർ ആവർത്തന വിരസത സദയം ക്ഷമിക്കുക.
മാതൃഭൂമി വിദ്യാഭ്യാസരംഗം പംക്തി തുടങ്ങിയപ്പോൾ ചില പംക്തികൾ ഉണ്ടായിരുന്നു. അതിൽ പ്രധാനം നല്ല ഇംഗ്ലീഷ് ആയിരുന്നു. ആ പംക്തിക്ക് പ്രത്യേകതയും ഉണ്ടായിരുന്നു. വാക്കുകളുടെ അർഥം ചോദിക്കണ്ട.. വാക്കുകളുടെ പ്രയോഗം, ഉത്ഭവം, പ്രയോഗങ്ങളുടെ അർത്ഥങ്ങൾ എന്നിവയൊക്കെയാണ് അതിൽ വിവരിച്ചിരുന്നത്. വലിയ പ്രതികരണമായിരുന്നു അതിനു വായനക്കാരിൽ നിന്ന് ഉണ്ടായിരുന്നത്. ആദ്യം ആ പംക്തി കൈകാര്യം ചെയ്തിരുന്നത് കോഴിക്കോട് സർവ്വകലാശാലയിലെ ഒരു പ്രൊഫസ്സർ ആയിരുന്നു. വലിയ തോതിൽ ഈഗോ ഉണ്ടായിരുന്ന അദ്ധ്യാപകൻ.
ഒരിക്കൽ ഈ പംക്തി നടന്നു കൊണ്ടിരിക്കെ അദ്ദേഹം മുന്നറിയിപ്പൊന്നുമില്ലാതെ ഒരു വിദേശയാത്രക്ക് പോയി. എനിക്ക് മാറ്റർ വരാതായി. അന്വേഷിച്ചപ്പോഴാണ് വിവരം മനസ്സിലായത്. ഞാൻ പത്രത്തിൽ ഒരു അറിയിപ്പ് കൊടുത്തു. അൽപ്പ സമയത്തേക്ക് പംക്തി ഉണ്ടാവില്ല എന്ന്. അദ്ദേഹം വിദേശവാസം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയിട്ടും അറിയിച്ചില്ല. അപ്പോൾ ഞാൻ ഒരു കത്തയച്ചു. യാത്ര സുഖകരമായിരുന്നു എന്ന് വിശ്വസിക്കുന്നു. പംക്തി ഇനി പുനരാരംഭിക്കാമല്ലോ എന്നാണു വളരെ വിനയത്തോടെ ഞാൻ ചോദിച്ചത്. അതിനു പോസ്റ്റുകാർഡിൽ അദ്ദേഹം അയച്ച മറുപടി അഹന്തയുടെ പര്യായമായിരുന്നു.
അതിൽ അദ്ദേഹം കുറെ വ്യവസ്ഥകൾ മുന്നോട്ടു വെച്ചു. ഞാൻ അയക്കുന്ന മാറ്റർ എവിടെയും എഡിറ്റ് ചെയ്യാൻ പാടില്ല., അയക്കുന്ന മാറ്റർ മുഴുവനായി ഉപയോഗിക്കണം, പ്രതിഫലം കൂട്ടുന്ന കാര്യം ആലോചിക്കണം… അങ്ങനെ നിരവധി ഡിമാൻഡുകൾ. അതിനു ഞാൻ ഒരു മറുപടി അയച്ചു. പ്രിയപ്പെട്ട ഡോ. നായർ, താങ്കളുടെ കത്ത് കിട്ടി. വ്യവസ്ഥകൾ വായിച്ചു. അതിലൊന്ന് പോലും പരിഗണിക്കാൻ നിർവാഹമില്ലെന്നു അറിയിക്കട്ടെ. പംക്തി മറ്റാരെയെങ്കിലും ഏൽപ്പിക്കാൻ പോകുന്നു… എന്നായിരുന്നു അതിന്റെ ചുരുക്കം. (ഓർമ്മയിൽ നിന്നാണ്. ഇതിലും പരുഷമായിരുന്നോ മറുപടി എന്നെ സംശയമുള്ളൂ).
ആ കത്തിന് അദ്ദേഹം വീണ്ടും മറുപടി അയച്ചു. പംക്തി മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്റെ ശിഷ്യരായി കേരളത്തിൽ അനേകം പേരുണ്ട് എന്ന് അദ്ദേഹം എനിക്ക് എഴുതി.
ഉടനെ ഞാൻ ചിന്തിച്ചു , ഇയാളുടെ ശിഷ്യൻ അല്ലാത്ത ഒരാളെ മതി എന്ന്. അങ്ങനെ പ്രായം കൊണ്ട് അദ്ദേഹത്തെക്കാൾ മൂത്ത, ആലുവ യു സി കോളേജിലെ പ്രൊഫ ഇ നാരായണൻ നമ്പ്യാർ എന്ന നന്മയുടെയും വിനയത്തിന്റെയും പര്യായമായ മനുഷ്യനെ എന്റെ സഹപ്രപ്രവർത്തകൻ ആയിരുന്ന അജിത്തിന്റെ നിർദ്ദേശപ്രകാരം പരിഗണിക്കുകയായിരുന്നു.
നമ്പ്യാർ സാർ വരുന്നു…
നമ്പ്യാർ സാറിനെ അങ്ങനെ ഞങ്ങൾ കണ്ടുവെച്ചു. എനിക്ക് നിർബന്ധം ഇംഗ്ലീഷിലും മലയാളത്തിലും ഒരേപോലെ സ്വാധീനം ഉള്ള ആൾ ആയിരിക്കണം എന്നതായിരുന്നു. അജിത് പറഞ്ഞു അതിനു പറ്റിയത് ഇ എൻ തന്നെ എന്ന്.
അത് അദ്ദേഹത്തിന്റെയും എന്റെ പേജിന്റെയും ഒരു നല്ല വഴിത്തിരിവ് ആയിരുന്നു. ഞാനും അജിത്തും കൂടിയാണ് കടുങ്ങല്ലൂരിനടുത്തു അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ ഒരു ദിവസം പോയത്. പംക്തിയെ കുറിച്ച് സാറിനു ഞാൻ വിശദീകരിച്ചുകൊടുത്തു. അങ്ങനെ അദ്ദേഹം അത് ഏറ്റെടുത്തു .ഉടനെ ഞാൻ സാറിന്റെ ഒരു ഫോട്ടോ വെച്ചു വലിയ ഒരു അറിയിപ്പ് പത്രത്തിൽ കൊടുത്തു.
അദ്ദേഹത്തിന് ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിരുന്നതിനാൽ മാതൃഭുമിയിലേക്കും അദ്ദേഹത്തിനും ഒട്ടേറെ ഫോൺ കോളുകൾ വന്നു. ഞങ്ങൾക്ക് അത് ഒരു ആവേശമായി. തപാലിൽ വന്നിരുന്ന ഓരോ കത്തും ഞാൻ വായിച്ചിരുന്നു. അർഥം ചോദിച്ചിരുന്ന കത്തുകൾ ഒഴിവാക്കി ബാക്കിയുള്ളവ ലഘു കുറിപ്പോടെ എല്ലാ ആഴ്ചയും സാറിനു എത്തിക്കുമായിരുന്നു.
സാറിനു മലയാളത്തിലും വിവരം ഉണ്ടായിരുന്നതിനാൽ ചിലർ ചില ശൈലികളുടെ ഇംഗ്ലീഷ് രൂപാന്തരം ചോദിക്കുമ്പോൾ അദ്ദേഹം നല്ല ഭംഗിയായ ഭാഷയിൽ അവ വിശദീകരിക്കുമായിരുന്നു. വിമർശനങ്ങൾക്കു അദ്ദേഹം വിനയത്തോടെ നൽകിയ മറുപടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി എന്നൊക്കെ പംക്തിയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. കണ്ണൂർ സ്വദേശിയായിരുന്നു നമ്പ്യാർ സാർ. പംക്തി ഏറ്റെടുത്തത് മുതൽ ഒറ്റ ലക്കവും അദ്ദേഹം മുടക്കിയില്ല.
പംക്തി ഏറെ പ്രശംസ പിടിച്ചു പറ്റി അങ്ങനെ മുന്നേറുമ്പോൾ അദ്ദേഹത്തിന് ഗൾഫിൽ നിന്ന് ഒരു ക്ഷണം .ശിഷ്യന്മാരാണ്. അങ്ങോട്ടൊന്നു ചെല്ലാൻ. ആ കത്ത് എന്നെ കാണിക്കുമ്പോൾ സാർ പറഞ്ഞത് ഞാൻ മറന്നിട്ടില്ല….രാജേന്ദ്രാ എന്റെ ഇത്ര കാലത്തെ അധ്യാപക ജീവിതത്തിൽ ഞാൻ നേടിയ അറിവിനേക്കാൾ ഇപ്പോൾ ഞാൻ നേടി എന്ന് തോന്നുന്നു. ഇപ്പോഴാണ് ഞാൻ പഠിക്കുന്നത്.
സർ അങ്ങനെ ഗൾഫിൽ പോയപ്പോഴും പംക്തി മുടക്കിയില്ല. മുടങ്ങരുതെന്നു സാറിനു നിർബന്ധം ഉണ്ടായിരുന്നു. കത്തുകൾ ഗൾഫിലേക്ക് തപാലിൽ അയക്കേണ്ടി വന്നു ഒരിക്കൽ. മറുപടി അയച്ചപ്പോൾ പറയുകയാണ് അതിനു ചെലവായ തുക പ്രതിഫലത്തിൽ നിന്ന് കിഴിക്കണം എന്ന്. രണ്ടാഴച്ചയോളം ഗൾഫിൽ കഴിച്ച ശേഷം അദ്ദേഹം തിരിച്ചെത്തിയപ്പോഴും വിളിച്ചിരുന്നു. ഞാൻ വീട്ടിൽ ചെന്നപ്പോൾ കഥകൾ ഒക്കെ വിസ്തരിച്ചു തന്നു .
പി കെ മുഹമ്മദ് എന്ന അത്ഭുതം
നമ്പ്യാർ സാർ പംക്തി കൈകാര്യം ചെയ്തിരുന്നപ്പോൾ കിട്ടിയ ചോദ്യങ്ങളിൽ വലിയ വൈവിധ്യമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. സീറോ ഹവർ , മോട്ടൽ , എത്രാമത്തെ എന്നതിനുള്ള ഇംഗ്ലീഷ് എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് വന്നു കൊണ്ടിരുന്നത്. തൃപ്തികരമായ രീതിയിൽ അവക്ക് അദ്ദേഹം നൽകിയ മറുപടി മാതൃഭൂമി പുറത്തിറക്കിയ നല്ല ഇംഗ്ലീഷ് എന്ന പുസ്തകത്തിൽ ഉണ്ട്.
നമ്പ്യാർ സാർ ജീവിച്ചിരിക്കെ തന്നെ പറവൂരിലെ ഒരു പ്രസാധകർ അത് പ്രസിദ്ധീകരണത്തിന് അനുമതി ചോദിച്ചു. സാർ എന്നോടും ഞാൻ മാതൃഭുമിയോടും ചോദിച്ച ശേഷമാണ് അത് പുസ്തകമായത്. അതിനു സാർ തന്നെ ഒരു ഇൻഡക്സ് ഉണ്ടാക്കിക്കൊടുത്തു. അതുകൊണ്ടു ആ പുസ്തകത്തിൽ വാക്കു തിരയാൻ പ്രയാസമില്ല. മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയപ്പോൾ ഇൻഡക്സ് ഇല്ല. അത് ഒരു പോരായ്മയാണ്. മാതൃഭൂമിയിൽ ജോലി ചെയ്തിരുന്ന എന്നോട് പറഞ്ഞിരുന്നെങ്കിൽ അത് ഞാൻ തയ്യാറാക്കി കൊടുത്തേനെ. അത് പോട്ടെ… വിഷയത്തിലേക്കു വരാം.
ആയിടെ ഒരു ദിവസം അദ്ദേഹത്തിന് കാലികറ്റ് സർവകലാശാലയുടെ എംഎ വൈവയുടെ ഡ്യൂട്ടി വന്നു. മലബാറിലേക്ക് പോണു എന്ന് പറഞ്ഞു. ഒരാഴ്ചത്തെ കാര്യമേ ഉണ്ടായിരുന്നുള്ളു. പക്ഷെ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു വിവരവുമായിട്ടാണ് അദ്ദേഹം തിരിച്ചെത്തിയത്. ഞങ്ങളുടെ പംക്തിയിൽ സ്ഥിരമായി വിമർശനം ഉന്നയിച്ചിരുന്ന ഒരു പി കെ മുഹമ്മദ് തലശ്ശേരിയിൽ ഉണ്ടായിരുന്നു. കത്തുകൾ തപാലിൽ വന്നിരുന്നതിനാൽ അഡ്രസ് ഒക്കെ അതിലുണ്ടാവും. വൈവക്കു പോയ സർ ഈ മുഹമ്മദിനെ അഡ്രസ് വെച്ചു അന്വേഷിച്ചു കണ്ടു പിടിച്ചു.
എന്നിട്ടു എന്നോട് പറയുകയാണ്… രാജേന്ദ്രാ, നമ്മുടെ മുഹമ്മദ് ഉണ്ടല്ലോ… ചില്ലറക്കാരനല്ല. പ്രൈമറി അദ്ധ്യാപകൻ ആണെങ്കിലും തികഞ്ഞ ഇംഗ്ലീഷ് ഗ്രമേറിയൻ ആണ് എന്ന്. അദ്ദേഹത്തിന്റെ ലൈബ്രറി ഒന്ന് കാണണം… ഇപ്പോഴും ബ്രിട്ടീഷ് ഗ്രാമർ വിദഗ്ധരുമായി അദ്ദേഹം കത്തിടപാടുകൾ നടത്തുന്നു… ഞാനൊക്കെ ആദ്യമായിട്ടാണ് അങ്ങനെ ഒരാളെ കാണുന്നത്. എന്തൊരു വിനയമുള്ള മനുഷ്യൻ…
ഇതൊക്കെ അന്ന് സർ പറഞ്ഞ വാചകങ്ങളിൽ ചിലതാണ്. അദ്ദേഹത്തെ എനിക്ക് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. തിരക്കുകൾക്കിടയിൽ നടന്നില്ല. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും എന്ന് ആശിക്കുന്നു. പക്ഷെ പ്രായമായിക്കാണും.
നല്ല ഇംഗ്ലീഷ്… ചില ഉദാഹരണങ്ങൾ
1991 ജൂലായിൽ ആണ് നമ്പ്യാർ സർ പംക്തി തുടങ്ങിയത്. ഒരർഥത്തിൽ എന്റെയും ഇംഗ്ലീഷ് പ്രയോഗം ശക്തിപ്പെടുത്തുന്നതിലും വ്യാകരണവും പ്രയോഗങ്ങളും കൂടുതൽ മനസ്സിലാക്കുന്നതിലും ആ പംക്തിക്ക് വലിയ പങ്കുണ്ട്. മഞ്ചേരി കാരക്കുന്നിൽ നിന്ന് എം എസ് കുമാറിന്റെ ചോദ്യത്തോടെയാണ് പംക്തി തുടങ്ങിയത്. മോപ്പഡ്, മോട്ടൽ എന്നീ വാക്കുകളുടെ അർഥവും ഉത്ഭവവും ആണ് അദ്ദേഹം ചോദിച്ചത്. പിന്നീട് വന്ന ചോദ്യം ഇപ്പോൾ യുവതലമുറയുടെ സ്ഥിരം പ്രയോഗമായ gonna, gotta എന്നിവയെക്കുറിച്ചായിരുന്നു…
പലതിലും ഞങ്ങൾ തമ്മിൽ കൂടിയാലോചനയും നടന്നിട്ടുണ്ട്. അതിൽ പ്രധാനം ലോക്സഭാ , നിയമസഭാ നടപടികളുടെ റിപ്പോട്ടിൽ കാണുന്ന സീറോ അവർ എന്നതിനെക്കുറിച്ചു തൃപ്പൂണിത്തുറയിൽ നിന്ന് എം എസ് നമ്പൂതിരിപ്പാട് ചോദിച്ചതാണ്. ഭാഷയിൽ ഇത് വരില്ലെങ്കിലും ഇതിനു മറുപടി നൽകാം എന്ന് ഞാൻ സാറിനോട് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിനും അക്കാര്യത്തിൽ വലിയ പിടിപാടുണ്ടായിരുന്നില്ല. ആലുവ എംഎൽഎ മുഹമ്മദലിയോടും മറ്റും അദ്ദേഹം ഇക്കാര്യം തിരക്കിയെന്നു മറുപടിക്കുറിപ്പിൽ എനിക്കെഴുതി. അത് പോരാ എന്ന് എനിക്ക് തോന്നി.
പണ്ട് ഹിന്ദുവിൽ ഗുഡ് ഇംഗ്ലീഷ് പംക്തിയിൽ ഡോ സുബ്രമണ്യൻ ആണെന്ന് തോന്നുന്നു നൽകിയ ഇത് സംബന്ധിച്ച ഒരു മറുപടി എന്റെ കൈവശം ഉണ്ടായിരുന്നു. അതിലും അദ്ദേഹം പറയുന്നത് ഇത് ഭാഷാ സംബന്ധിയായ ഒന്നല്ല. പാർലമെന്ററി നടപടികളുടെ ഭാഗമാണ് എന്നാണ്. അദ്ദേഹം ആ കത്ത് ലോക്സഭാ സെക്രട്ടറി ജനറൽ ആയിരുന്ന സുഭാഷ് കശ്യപിന് അയച്ചു കൊടുത്തു. കശ്യപ് നൽകിയ മറുപടി ഹിന്ദുവിലെ കോളത്തിൽ പ്രസിദ്ധീകരിച്ചത് ഞാൻ സാറിനു അയച്ചു കൊടുത്തപ്പോൾ നമ്പ്യാർ സർ വളരെ മനോഹരമായി അതിനു മറുപടി നൽകി. .മാതൃഭൂമി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.
പെട്ടന്നുള്ള വിയോഗവും പംക്തിയുടെ ഭാവിയും
അധികകാലം സാറിനു പംക്തി തുടരാനായില്ല. ഒരിക്കൽ പറവൂരിലെ ഒരു സ്ഥാപനം സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കാൻ സാറും ഞാനും ഒരുമിച്ചാണ് പോയത്. (രണ്ടു പേർക്കും ക്ഷണമുണ്ടായിരുന്നു)
യാത്രക്കിടെയാണ് സാർ അദ്ദേഹത്തിന്റെ അസുഖ വിവരം എന്നോട് ആദ്യമായി പറയുന്നത്. കുടലിലെ എന്തോ കാര്യമായ പ്രശ്നമാണെന്ന് തോന്നുന്നു എന്ന് സാർ ലേശം സംശയത്തോടെയാണ് പറഞ്ഞത്. അത് ശരിയായിരുന്നു. പിന്നെ അധികം നീണ്ടുനിന്നില്ല.
എറണാകുളം പിവിഎസ് ആസ്പത്രിയിൽ കിടന്നിരുന്ന സാറിനെ ഞാനും അജിത്തും കാണാൻ പോയി. അപ്പോൾ പോയ വർഷത്തെ പുസ്തകങ്ങളെ സുകുമാർ അഴീക്കോട് വിലയിരുത്തുന്ന ഒരു ലേഖനം മാതൃഭൂമി വാരാന്ത്യത്തിൽ വന്നത് സാർ കാണിച്ചു തന്നു. അതിൽ വൈജ്ഞാനിക സാഹിത്യ മേഖലയിലെ മികച്ച സംഭാവനയായി നമ്പ്യാർ സാറിന്റെ നല്ല ഇംഗ്ലീഷ് അഴീക്കോട് ചൂണ്ടിക്കാണിച്ചിരുന്നു…
അത് കണ്ടു അദ്ദേഹം സന്തോഷിച്ചു. കൂട്ടത്തിൽ ആ ആഴ്ചത്തെ പംക്തി കിട്ടിയില്ലേ എന്ന അന്വേഷണവും. ഭാര്യയുടെ കയ്യിൽ മാതൃഭുമിയിൽ എത്തിക്കാൻ കൊടുത്ത കാര്യം അദ്ദേഹം പറഞ്ഞു, അതായിരുന്നു അവസാനത്തെത്. ഞങ്ങൾ ആസ്പത്രി വിട്ടു ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അദ്ദേഹം വിടപറഞ്ഞു. 1994 ഏപ്രിൽ 5 നായിരുന്നു അത്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിന് നമ്പ്യാർ സാർ മരിച്ചിട്ട് 25 വർഷമായി എന്ന് വാട്സ്ആപ്പ് ഫോർവേഡുകളിൽ നിന്നാണ് ഓർമ്മ വന്നത്. എത്ര വേഗമാണ് സമയം പോകുന്നത് എന്ന് ഇടക്ക് തോന്നും.
അദ്ദേഹം മരിച്ചപ്പോൾ മാത്രമാണ് മാതൃഭൂമിയിലെ 33 വർഷത്തെ എന്റെ പത്രപ്രവർത്തന ജീവിതത്തിൽ ആദ്യവും അവസാനവുമായി ഒരു അനുസ്മരണം ഞാൻ എഴുതിയത്. അതും അദ്ദേഹത്തിന്റെ കോളത്തിനായി നീക്കിവെച്ച സ്ഥലത്ത്.
ഞാൻ ചെയ്യുന്ന വിദ്യാഭ്യാസ പേജിൽ പേജിൽ വ്യത്യസ്തമായ ഒരു ഐറ്റം കൊടുക്കേണ്ട സാഹചര്യം വന്നപ്പോൾ എഴുതിയതിന്റെ കരട് പത്രാധിപർ ശ്രീധരൻ നായർക്ക് അയച്ചുകൊടുത്തു. പണ്ട് സിഎച്ഹരിദാസ് മരിച്ചപ്പോൾ വിംസി എഴുതിയ അനുസ്മരണത്തിലെ ഒരു വാചകം ഞാൻ കടമെടുത്തു: “എവിടെയാണെങ്കിലും അങ്ങേക്ക് നല്ലതേ വരൂ” എന്നതായിരുന്നു ആ പ്രയോഗം. കൂടാതെ ദൈവ സംബന്ധമായി എന്തോ ഒരു പ്രയോഗവുമുണ്ടായിരുന്നു. മരണം വരെ നിരീശ്വര വാദിയായിരുന്ന ശ്രീധരൻ നായർ ദൈവ സംബന്ധമായ ആ വാചകം മാത്രമേ വെട്ടിയുള്ളു. ബാക്കി അതെപടി അംഗീകരിച്ചു. വലിയ ചിത്രത്തോടെയാണ് അത് പ്രസിദ്ധീകരിച്ചത്.
അത്ര നാൾ ജനങ്ങൾ സ്വീകരിച്ച ഒരു പംക്തി നടത്തിക്കൊണ്ടു പോകാൻ ആത്മാർഥമായ സഹകരണം നൽകിയ നമ്പ്യാർ സാർ മരിച്ചപ്പോൾ മാതൃഭൂമി വേണ്ട പോലെ അംഗീകരിക്കുകയും കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പത്നി കല്യാണിക്കുട്ടി ടീച്ചർക്ക് ഒരു കത്ത് നൽകുകയും ചെയ്തത് ഞാൻ ഇപ്പോഴും ഓർക്കുന്നു. മാനേജിങ് എഡിറ്റർ ഒപ്പിട്ട കത്താണ് നൽകിയത്.
നല്ല ഇംഗ്ലീഷ് പംക്തി ഏറ്റെടുക്കാൻ പലരും പിന്നെയും യു സി കോളേജിൽ നിന്ന് പോലും സമീപിച്ചെങ്കിലും കുറച്ചു നാളേക്ക് അത് തുടരാനായില്ല. പിന്നീട് തിരുവനന്തപുരം പാളയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ ഡയറക്ടർ ഡോ. കെ രാധയാണ് പംക്തി കൈകാര്യം ചെയ്തത്. രാധ ടീച്ചർക്കു ഇംഗ്ലീഷിൽ നല്ല വിവരം ഉണ്ടായിരുന്നുവെങ്കിലും നമ്പ്യാർ സാറിന്റെ പോലെ മലയാളത്തിൽ വേണ്ടത്ര പിടിപ്പു ഉണ്ടായിരുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ടീച്ചർ ഒരു പാവം അധ്യാപിക. ഒറ്റപ്പാലം കാരി. ഇപ്പോൾ റിട്ടയർ ചെയ്തു കഴിയുകയായിരിക്കും.
മാതൃഭൂമിയിലെ എന്റെ പഴയ സഹപ്രവർത്തകനും ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് തലവനും ആയ രാധാകൃഷ്ണൻ എംജി യും ഒരുമിച്ചാണ് രാധ ടീച്ചറെ കാണാൻ പോയത്. രാധാകൃഷ്ണനാണ് ടീച്ചറെ നിർദ്ദേശിച്ചത്. നല്ല ഇംഗ്ലീഷ് നമ്പ്യാർ സർ കൈകാര്യം ചെയ്തതു പോലെ ആർക്കും അത്ര എളുപ്പം ആവില്ല എന്നെനിക്കു തോന്നുന്നു.