എന്‍റെ പത്രാധിപന്മാർ എന്ന് പറയുമ്പോൾ ശ്രീ വി പി രാമചന്ദ്രൻ എന്ന വി പി ആറിൽ തുടങ്ങുന്നു. ഇന്റർവ്യൂവിനു കണ്ട ശേഷം പിന്നെ കോഴിക്കോട് ഓഫീസിൽ വല്ലപ്പോഴും വരുമ്പോഴാണ് അദ്ദേഹത്തെ കണ്ടിരുന്നത്. ന്യൂസ് റൂമിൽ ഞങ്ങളൊക്കെ (ചുരുങ്ങിയത് 10 പേരെങ്കിലും) ഇരുന്നു ജോലി ചെയ്യുമ്പോൾ ആരെയും നോക്കാതെ നേരെ ന്യൂസ് എഡിറ്റർ വി എം ബാലചന്ദ്രൻ എന്ന വിംസിയുടെ ക്യാബിനിലേക്കാണ് അദ്ദേഹം പോകുക. ഡെസ്ക്കിലേക്കു നോക്കുക പോലും ചെയ്തിരുന്നില്ല. മാതൃഭൂമിക്ക് ഒരു പ്രൊഫഷണൽ ടച്ച് കൊണ്ട് വന്നത് അദ്ദേഹമാണ്.
ഇപ്പോഴും കാക്കനാട്ടെ വീട്ടിൽ അദ്ദേഹം ആരോഗ്യത്തോടെ കഴിയുന്നു. വി പി ആറിന്റെ കീഴിൽ അധികം നാൾ ജോലി നോക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും എഡിറ്റർ മാറി. അക്കാലത്തു ഞാൻ ഞങ്ങളുടെ പത്രത്തിൽ ആദ്യം വായിക്കുക പ്രിന്റ് ലൈൻ ആണ്. കൂടെക്കൂടെ ആളുകൾ മാറുമോ എന്ന തോന്നൽ. ഒരു ദിവസം മാത്രം വി എം കൊറാത്തിന്റെ പേര് ഇങ്ങനെ പ്രിന്റ് ലൈനിൽ വന്നിട്ടുണ്ട്. അടുത്ത ദിവസം എം ഡി നാലപ്പാട് എന്നായിരുന്നു ആ സ്ഥാനത്തു പേര്. അദ്ദേഹവും അധികം നാൾ ഉണ്ടായിട്ടില്ല. പിന്നെ എൻ വി കൃഷ്ണ വാരിയരും വി കെ മാധവൻകുട്ടിയും. ഇങ്ങനെ മാറ്റങ്ങൾ വന്നുപോയിക്കൊണ്ടിരുന്നു.
കെ കെ ശ്രീധരൻ നായരും കെ ഗോപാലകൃഷ്ണനും എം കേശവമേനോനും എട്ടു വർഷത്തിൽ കൂടുതൽ പത്രാധിപ കസേരയിൽ ഇരുന്നു. അപ്പോൾ തന്നെ 24 വർഷമായില്ലേ. ബാക്കി ഒൻപതു വർഷം കുറെ പേരെ കണ്ടു. അവർ ഓരോരുത്തരെ കുറിച്ചും എഴുതുന്നുണ്ട്. ഞാൻ റിട്ടയർ ചെയ്യുമ്പോൾ എം കേശവ മേനോൻ ആയിരുന്നു എഡിറ്റർ. റിട്ടയർ ചെയ്യുന്നതിന് മുൻപായി യാത്ര പറയാൻ കോഴിക്കോട് ഓഫീസിൽ ചെന്നപ്പോൾ എന്റെ ആദ്യത്തെ മാനേജിങ് ഡയറക്ടർ ഉൾപ്പെടെ എല്ലാവരെയും കാണാൻ കഴിഞ്ഞു.
പക്ഷെ എഡിറ്റർ കേശവ മേനോനെയും എക്സിക്യൂട്ടീവ് എഡിറ്റർ പി ഐ രാജീവിനെയും മാത്രം കാണാൻ കഴിഞ്ഞില്ല, എക്സിക്യൂട്ടീവ് എഡിറ്ററെ പിന്നീട് കൊച്ചിയിൽ വെച്ച് നേരിൽ കണ്ടു. നല്ല മനുഷ്യൻ. കൂടുതൽ മനസ്സിലാക്കിയിട്ടില്ല. പക്ഷെ യുവതലമുറയുടെ വക്താവായി കണക്കാക്കാം. റിട്ടയർ ചെയ്ത എഡിറ്റർ കേശവമേനോനെ ഫോണിൽ വിളിച്ചു. അദ്ദേഹവും വ്യക്തിപരമായി നല്ല മനുഷ്യനായിരുന്നു.