യു ജി സി ഡീംഡ് സ്റ്റാറ്റസ് നൽകിയ ശേഷം നാളിതു വരെ സുതാര്യമായി പ്രവേശനം നടത്താതിരുന്ന ഒട്ടേറെ മെഡിക്കൽ കോളേജുകളുടെ ചിത്രം ഇന്ന് പുറത്തു വന്നു. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിലും ഇതിൽ പെടും. അമൃത മെഡിക്കൽ കോളേജ്. അവിടെ എം ബി ബി എസ്സിന് പഠിക്കാൻ പ്രതിവർഷം 15 ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ പ്രസിദ്ധപ്പെടുത്തിയ നിരക്ക്. ഇന്ന് അഖിലേന്ത്യ അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തിയപ്പോൾ അമൃത മെഡിക്കൽ കോളേജിൽ 22311 റാങ്ക് വരെയുള്ള ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്. അവർ ചേരുമോ എന്ന് രണ്ടാം ഘട്ടം തുടങ്ങുമ്പോഴേ അറിയാൻ കഴിയൂ. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം സീറ്റുകളിലേക്ക് നടത്തിയ അല്ലോട്മെന്റിൽ 5799 ജനറൽ വിഭാഗത്തിൽ അവസാന റാങ്ക്. ഡീംഡ് വിഭാഗത്തിൽ ഏറ്റവും മോശം പ്രകടനം നടത്തിയ കോളേജ് തമിഴ്‌നാട്ടിലെ സവിതാ മെഡിക്കൽ കോളേജാണ്. 541922 വരെ റാങ്ക് ഉള്ളവർക്ക് അവിടെ അലോട്ട്മെന്റ് കിട്ടിയിട്ടുണ്ട്.
മണിപ്പാൽ മെഡിക്കൽ കോളേജിനാണ് കൂടുതൽ ഡിമാൻഡ്. സർക്കാർ മെഡിക്കൽ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വാട്ടയിൽ ആസ്സാമിലെ തെസ്‌പുർ മെഡിക്കൽ കോളേജാണ് അവസാനം. ജനറൽ മെറിറ്റിൽ അവിടെ 5779 റാങ്ക് വരെ കിട്ടിയിട്ടുണ്ട്. ആദ്യം ഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളേജ് ആണ്. ഒന്ന് മുതൽ തുടർച്ചയായി അവിടെ അലോട്ട്മെന്റ് നടന്നുവെങ്കിലും ഇടയ്ക്കു ബാംഗ്ലൂർ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് , തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവ കടന്നുകൂടി. കേരളത്തിലെ സർക്കാർ മെഡിക്കൽ കൊളേജുകൾക്ക് നല്ല ഡിമാൻഡ് ആണ്.
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ എല്ലാ വിവരങ്ങളുമുണ്ട്. രണ്ടാം ഘട്ടം അടുത്ത മാസം ഒന്നിനെ തുടങ്ങു. അതിനു മുൻപായി കേരള മെഡിക്കൽ അലോട്ട്മെന്റ് വരും. രണ്ടാം ഘട്ട അഖിലേന്ത്യ അലോട്ടുമെന്റിൽ പുതിയതായി ചോയ്സ് കൊടുക്കാൻ അവസരമുണ്ടെന്നു ഓർക്കുക. പക്ഷെ രണ്ടാം ഘട്ട അഖിലേന്ത്യ അലോട്ട്മെന്റിൽ സീറ്റ് കിട്ടിയാൽ ചേർന്നേ പറ്റു. കോടതി വിധി അങ്ങനെയാണ്. ഓരോ ഘട്ടവും ശ്രദ്ധിച്ചു വേണം നീങ്ങാൻ . ആരും അബദ്ധം കാണിക്കരുത്.