കൊച്ചി: മെഡിക്കല്‍ കൗണ്‍സലിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അംഗീകാരം പിന്‍വലിച്ച മെഡിക്കല്‍ കേളേജുകള്‍ക്ക് ജീവന്‍ നല്‍കാന്‍ ലോധ കമ്മിറ്റി. മധ്യപ്രദേശ് സര്‍ക്കാരും മോഡേണ്‍ ദന്തല്‍ കോളേജും തമ്മിലുള്ള കേസില്‍ മെയ് 2 ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്, മെഡിക്കല്‍ കൗണ്‍സലിനെ നിരീക്ഷിക്കാന്‍ സുപ്രീംകോടതി റിട്ട.ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ, പ്രൊഫ.(ഡോ). ശിവ സരീന്‍, മുന്‍ സിഎജി വിനോദ് റായ് എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കുകയുണ്ടായി. ഈ സമിതിയാണ് ഇപ്പോള്‍ അംഗീകാരം നഷ്ടപ്പെട്ട കോളേജുകള്‍ക്ക് അവരുടെ നിലപാട് വ്യക്തമാക്കാന്‍ ഒരു അവസരം കൂടി നല്‍കിയിരിക്കുന്നത്.
ഇതുപ്രകാരം, 2016 ജൂണ്‍ 22 ന് മുന്‍പ് ഈ കോളേജുകള്‍ തങ്ങളുടെ ഭാഗം ആരോഗ്യ മന്ത്രാലയത്തെ ബോധ്യപ്പെടുത്തണം. ഇത് പഠിച്ച് മെഡിക്കല്‍ കൗണ്‍സില്‍ ജൂലായ് 20 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മറുപടി നല്‍കണം. അതിന്‍മേല്‍ ആരോഗ്യ മന്ത്രാലയം അവരുടെ തീരുമാനം ജൂലായ് 25 നുള്ളില്‍ ജസ്റ്റിസ് ലോധയുടെ അധ്യക്ഷതയിലുള്ള ഓവര്‍സൈറ്റ് കമ്മിറ്റി (ഒസി)യെ അറിയിക്കണം. ഇത് ഈ വര്‍ഷത്തേക്ക് (2016-17) മാത്രമായുള്ള നടപടിയാണെന്നും ലോധ കമ്മിറ്റി എടുത്തു പറയുന്നു.
ആദ്യം ഈ മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയ സംഘമായിരിക്കരുത് പുതിയ അപേക്ഷയില്‍ പരിശോധന നടത്തേണ്ടതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ടിനുള്ള കത്തില്‍ ഒ.സിയുടെ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്താകമാനം 150 ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് MBBS പ്രവേശനത്തിനും 118 കോളേജുകള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവേശനത്തിനും ഈ വര്‍ഷം എം.സി.ഐ അനുമതി നിഷേധിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള അഞ്ച് മെഡിക്കല്‍ കോളേജുകളും അതില്‍പ്പെടും. ഡി.എം വയനാട്, പി.കെ.ദാസ് ഒറ്റപ്പാലം, മൗണ്ട് സിയോണ്‍ പത്തനംതിട്ട, അല്‍ അഷര്‍ തൊടുപുഴ, മലബാര്‍ മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയാണിവ. അതില്‍ മലബാര്‍ മെഡിക്കല്‍ കോളേജിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ട്. കോളേജിന് അംഗീകാരം നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് പരിഗണനയിലാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എം.സി.ഐ ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്. തങ്ങളുടെ ഭാഗം ലോധ കമ്മിറ്റിയെ അറിയിക്കുമെന്ന് മലബാര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ‘മാതൃഭൂമി’യോട് പറഞ്ഞു. ഈ അഞ്ച് കോളേജുകളിലുമായി 700 സീറ്റും കണ്ണൂര്‍ മെഡിക്കല്‍ കോളേജിന്റെ 50 സീറ്റും ഗോകുലം മെഡിക്കല്‍ കോളേജിന്റെ 100 സീറ്റും കുറച്ചതുള്‍പ്പടെ ആകെ 850 സീറ്റിനാണ് ഇപ്പോള്‍ അംഗീകാരം പിന്‍വലിച്ചിരിക്കുന്നത്.
ലോധ കമ്മിറ്റിക്ക് അപേക്ഷ നല്‍കുകയും അനുകൂല തീരുമാനമുണ്ടാവുകയും ചെയ്താല്‍ ഈ 850 സീറ്റ് തിരിച്ചു കിട്ടിയേക്കാം. ഈ കോളേജുകളുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ ജൂണ്‍ 22 വൈകുന്നേരം 6 വരെ പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കും.