ശ്രീ ബി എസ് വാരിയർ ഇന്ന് അറിയപ്പെടുന്ന കരിയർ എഴുത്തുകാരനാണ് ഈ രംഗത്തേക്ക് വരുന്നതിനു മുമ്പ് തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞാൻ കൊച്ചിയിലേക്ക് വന്നു വിദ്യാഭ്യാസരംഗം ഫീച്ചർ ചുമതല ഏറ്റെടുത്ത ശേഷം ഒരിക്കൽ തപാലിൽ ഒരു ലേഖനം കിട്ടി. അത് ശ്രീ ബി എസ് വാരിയരുടെതാതായിരുന്നു. നമുക്കൊരു സാങ്കേതിക സർവ്വകലാശാല വേണ്ടേ എന്നതായിരുന്നു ഉള്ളടക്കം. അന്ന് അദ്ദേഹം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടർ ആണ്. എനിക്ക് കിട്ടിയ അദ്ദേഹത്തിന്റെ ലേഖനം മുഴുവൻ ഞാൻ വായിച്ചുനോക്കി. നല്ല കാമ്പുള്ള ലേഖനം. ഒന്നാന്തരം കൈപ്പട. ഭാഷാശുദ്ധി. എഡിറ്റിംഗ് ആവശ്യമാണെങ്കിൽ അതിനു ബുദ്ധിമുട്ടിക്കുന്ന രീതി. അദ്ദേഹം ഇപ്പോഴും അങ്ങനെയാണ്.
ഞാൻ അദ്ദേഹത്തിന് ഒരു മറുപടി അയച്ചു. ലേഖനം നന്നായിട്ടുണ്ട് . അടുത്ത തിങ്കളാഴ്ച കൊടുക്കുന്നു. തുടർന്നും എഴുതുമല്ലോ. ഇ മെയിൽ ഒന്നും ആയിട്ടില്ലാത്തതിനാൽ അന്നൊക്കെ മുഴുവൻ കത്തിടപാടുകൾ ആയിരുന്നു. ഞാൻ അത് എട്ടു കോളത്തിൽ പ്രസിദ്ധീകരിച്ചു. അദ്ദേഹം എഴുതിയ ആ സർവ്വകലാശാല ഏറെ വർഷങ്ങൾക്കു ശേഷം അടുത്ത കാലത്തു നടപ്പിലായി എന്നത് ആശ്വാസം. അദ്ദേഹം പിന്നീട് വളണ്ടറി റിട്ടയർമെന്റ് വാങ്ങി സർക്കാർ സർവീസ് മതിയാക്കിയെന്നാണ് ഓർമ്മ. തുടർന്നും അദ്ദേഹം മാതൃഭൂമിയിൽ എഴുതിക്കൊണ്ടിരുന്നു. നാല് വർഷത്തോളം എഴുതി എന്നാണു ഓർമ്മ. ഇപ്പോൾ മനോരമയിലും ഹിന്ദുവിലും എഴുതുന്ന അദ്ദേഹത്തിന് ഇംഗ്ലീഷ് ആണ് കൂടുതൽ വഴങ്ങുക. സംസ്‌കൃതം പഠിച്ചതു കൊണ്ട് നല്ല മലയാളത്തിൽ എഴുതാനും കഴിയും.
മാതൃഭൂമി 1992 ൽ ഉപരിപഠനം ഗൈഡ് എന്ന പേരിൽ പുസ്തകം ഇറക്കിയപ്പോൾ എന്റെ മനസ്സിൽ അദ്ദേഹം മാതൃഭൂമിയിൽ എഴുതിയ ഉപകാരപ്രദമായ കുറിപ്പുകളുടെ സമാഹരണവും കൂടെ ചില പ്രത്യേക വിഭവങ്ങളും ആയിരുന്നു. അതായിരുന്നു അതിന്റെ ഉള്ളടക്കവും. നാൽപ്പത്തിനായിരത്തിലധികം കോപ്പികൾ വിറ്റുപോയ ആ പുസ്തകം തയ്യാറാക്കുന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്. അത് പിന്നെ പറയാം. വാരിയർ സാർ ആദ്യം തലസ്ഥാനത്തെ പിടിപി നഗറിൽ ആണ് താമസിച്ചിരുന്നത്. ഇപ്പോൾ കൊച്ചിയിൽ.
മുപ്പതു വർഷത്തിലേറെയായി അദ്ദേഹം ഉച്ചക്ക് ഒന്നും കഴിക്കാറില്ല എന്നത് എന്നും ഒരു കൗതുകമാണ്. സെമിനാറിനും മറ്റും വന്നാൽ പരമാവധി ഒരു ചായ, അത്ര മാത്രം. ഞങ്ങൾ തമ്മിൽ ഇന്ന് വരെ പിണങ്ങിയിട്ടില്ല എന്നതും ഒരു പ്രത്യേകതയാണ്. ഈ സെപ്റ്റംബർ 23നു അദ്ദേഹത്തിന് 80 വയസ്സ് തികയും. (കന്നിയിലെ അശ്വതി ആണ് വാരിയർ സാറിന്റെ പിറന്നാൾ). തികഞ്ഞ ആരോഗ്യവാൻ. സ്വന്തം കാറോടിച്ചു തിരുവനന്തപുരം വരെയൊക്കെ പോകും. ഓർമ്മകൾ ചികഞ്ഞപ്പോൾ കിട്ടിയത് കുറിച്ചുവെന്നു മാത്രം. ആദ്യം പറഞ്ഞ ലേഖനം മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചത് ഇതോടൊപ്പം. സാറിനു ദീർഘായുസ്സും ആരോഗ്യവും നേരുന്നു.