കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജുകളോ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളോ നടത്തുന്ന എംബിബിഎസ് / ബിഡിഎസ് പ്രവേശന പരീക്ഷകള്‍ അംഗീകരിക്കില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞതോടെ മെയ് 7 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പെടെ പലതും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു.
മെയ് 10 ന് നടത്താനിരുന്ന കേരള സ്വാശ്രയ ദന്തല്‍ കണ്‍സോര്‍ഷ്യത്തിന്റെ പരീക്ഷ റദ്ദാക്കിയതായി പ്രവേശന മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ ജസ്റ്റീസ് ജെ.എം. ജെയിംസ് അറിയിച്ചു.
കര്‍ണ്ണാടക സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കണ്‍സോര്‍ഷ്യം ആയ ‘കോമെഡ്കെ’ മെയ് 8 ന് നടത്താനിരുന്ന എംബിബിഎസ് / ബിഡിഎസ് എന്‍ട്രന്‍സ് റദ്ദാക്കിയിട്ടുണ്ട്.
കര്‍ണ്ണാടകത്തിലെ കെഎല്‍ഇ അക്കാദമി 7 ന് നടത്താനിരുന്ന എന്‍ട്രന്‍സ് റദ്ദാക്കിയിട്ടുണ്ട്. അതേദിവസം നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നടക്കും.
കര്‍ണ്ണാടകത്തിലെ തന്നെ മറ്റൊരു കല്‍പ്പിത സര്‍വകലാശാലയായ ‘നിറ്റെ’ യൂണിവേഴ്സിറ്റി മെയ് 9 ന് നടത്താനിരുന്ന എംബിബിഎസ്, ബിഡിഎസ് എന്‍ട്രന്‍സ് റദ്ദാക്കി.
പൂണെയിലെ ഭാരതി വിദ്യാപീഠ് കല്പിത കലാശാല മെയ് 7 ന് നടത്താനിരുന്ന എന്‍ട്രന്‍സ് ആയുര്‍വേദ, ഹോമിയോ പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി.
മഹാരാഷ്ട്രയിലെ പ്രവാര ഇന്‍സ്റ്റിറ്റ്യൂട്ടും മെയ് 7 ലെ പരീക്ഷ മാറ്റിവെച്ചു. മെയ് 17 ന് നടത്താനിരുന്ന സിഎംസി ലുധിയാനയുടെ എന്ട്രന്സും മാറ്റിവെച്ചിട്ടുണ്ട്.
അതേസമയം ബാംഗ്ളൂരിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ‘നീറ്റ്’ സംബന്ധിച്ച വിജ്ഞാപനം വരുന്നതുവരെ കാത്തിരിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി ഉത്തരവുപ്രകാരം യുപിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളോ അസോസിയേഷനുകളോ എന്‍ട്രന്‍സ് നടത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.