ചാരക്കേസ് വാർത്ത എല്ലാ മലയാള മാധ്യമങ്ങളും കൊടുത്തു എന്നും ഇന്ത്യ ടുഡേ യിൽ മാത്രമാണ് നിക്ഷപക്ഷമായി വാർത്ത കൊടുത്തതെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ കണ്ടു. അതു സത്യം ആണെങ്കിലും മുഴുവൻ സത്യമല്ല.
അതിനേക്കാൾ മുൻപ് ഏഷ്യാനെറ്റിലെ കണ്ണാടിയിൽ ടി എൻ ഗോപകുമാർ ആണ് അത് കൊടുത്തത്. നമ്പി നാരായണനുമായി ഗോപൻ നടത്തിയ ഇൻ്റർവ്യൂവിൻ്റെ അവസാനം പതിവ് കൺക്ല്യൂഷനിൽ ഗോപൻ പറഞ്ഞത് ” നമ്പി നാരായണൻ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വൈകാതെ തെളിയും. അഥവാ കുറ്റക്കാരൻ അല്ലെങ്കിൽ അദ്ദേഹം അനുഭവിച്ച വേദനകൾക്ക് ആര് സമാധാനം പറയും” എന്നാണ്. ആ ചോദ്യം നഷ്ടപരിഹാരം കൊടുത്തതോടെ കഴിഞ്ഞോ? ഇന്ത്യ ടുഡേ ഇംഗ്ലീഷിൽ രാധാകൃഷ്ണൻ എം ജി യൂം മലയാളം പതിപ്പിൽ ജേക്കബ് ജോർജ്ജുമാണ് ഈ റിപ്പോർട്ടുകൾ എഴുതിയത്.
കുറേക്കാലമായി എഴുതാനിരുന്ന കാര്യമാണ് ഇനി പറയാൻ പോകുന്നത്. എല്ലാ പത്രങ്ങളിലും വന്നു എന്നത് ശരിയല്ല എന്ന് മാത്രമല്ല കൊടുക്കാത്തതിൻ്റെ പേരിൽ ഒരാൾക്ക് പത്രാധിപരുടെ വഴക്ക് കേൾക്കേണ്ടിയും വന്നിട്ടുണ്ട്. അതു മാതൃഭൂമിയിൽ ആണ്.
മുഖ്യധാരാ മാധ്യങ്ങളിൽ കേരള കൗമുദിയിൽ ആണ് ആദ്യം ഈ വാർത്ത വന്നത് എന്നാണ് ഓർമ്മ. മാതൃഭൂമിയും മനോരമയും അക്കാലത്ത് തലസ്ഥാനത്ത് മുഖ്യപത്രങ്ങൾ ആയിരുന്നിട്ടു കൂടി കൊടുക്കാൻ മടിച്ചു . പിറ്റേന്ന് മനോരമ കൊടുത്തു.
അന്ന് തലസ്ഥാനത്തെ മാതൃഭൂമി ബ്യൂറോ ചീഫ് സണ്ണിക്കുട്ടി എബ്രഹാം ആയിരുന്നു. അഞ്ച് ദിവസത്തോളം ഈ വാർത്ത കൊടുക്കാൻ സണ്ണി മടിച്ചപ്പോൾ പത്രാധിപർ ചൂടായി.
അദ്ദേഹം ചോദിച്ചപ്പോൾ സണ്ണി പറഞ്ഞത് കൊടുക്കാൻ തക്ക തെളിവില്ല എന്നാണ് . അതിൻ്റെ പിറ്റേന്ന് പത്രാധിപർ തലസ്ഥാനത്ത് എത്തി ബ്യൂറോ ചീഫിനെ ഒഴിവാക്കി ഒരു പ്രത്യേക ചാര സെൽ രൂപീകരിച്ചു. അവർ പിറ്റേന്ന് മുതൽ മറ്റുള്ളവരെ പോലെ പൈങ്കിളി കഥകൾ എഴുതാൻ തുടങ്ങി. മാതൃഭൂമി സ്വന്തം ലേഖകൻമാർ എന്ന് മാത്രമാണ് മിക്ക “കഥ”കൾക്കും കൊടുത്ത ബൈലൈൻ. മനോരമ ഉൾപ്പെടെ പല പത്രങ്ങളും പേര് കൊടുത്തിരുന്നു. ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയത് ഓർമ്മയുണ്ട്.
ഒരു പ്രത്യേകത ഗോപനും രാധാകൃഷ്ണനും ജേക്കബ് ജോർജ്ജും സണ്ണിക്കുട്ടിയും എല്ലാം മാതൃഭൂമിക്കാർ ആയിരുന്നു എന്നതാണ്.