1984 ജനുവരിയിൽ മാതൃഭൂമി കോഴിക്കോട് ഓഫീസിൽ സർവീസിൽ കയറിയ ഞാൻ 1987 ഡിസംബറിൽ കൊച്ചിക്കു മാറ്റം ചോദിച്ചു വാങ്ങി പോന്നു. എന്നോടൊപ്പം കൊച്ചിക്കു സ്ഥലം മാറ്റം കിട്ടിയവരിൽ അന്നു മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന കെ സി നാരായണനുമുണ്ടായിരുന്നു. (ഇപ്പോഴത്തെ ഭാഷാപോഷിണി പത്രാധിപർ) കെ സി അന്നേ അറിയപ്പെടുന്ന ലിറ്റററി ജേണലിസ്റ്റാണ് .
വാരാന്തപ്പതിന്റെയും ആഴ്ചപ്പതിപ്പിന്റെയും ഒക്കെ എഡിറ്റർ ആയി പേരെടുത്തിരുന്നു. മലയാറ്റൂരിന്റെ സർവീസ് സ്റ്റോറി അക്കാലത്താണ് വീക്കിലിയിൽ പ്രസിദ്ധീകരിച്ചത്. കേരളത്തിലെ മിക്കവാറും എല്ലാ എഴുത്തുകാരെയും നേരിട്ടറിയാവുന്ന വ്യക്തി. അതുകൊണ്ടു ഞങ്ങൾക്ക് കോഴിക്കോട് ഗംഭീര യാത്രയയപ്പാണ് ലഭിച്ചത്. സഹപ്രവർത്തകരുടെ, പ്രസ് ക്ലബ്ബിന്റെ, അളകാപുരിയിൽ വെച്ച് സുഹൃദ് സംഘത്തിന്റെ …അങ്ങനെ ഒട്ടേറെ യാത്രയയപ്പുകളാണ് കിട്ടിയത്.
ഞാൻ ക്ലബ് അംഗം എന്നതിലുപരി ഒന്നുമായിരുന്നില്ല. വെറും സബ് എഡിറ്റർ. ഈ ചടങ്ങുകളിൽ കെ സി യെ കുറിച്ച് വാ തോരാതെ പറഞ്ഞു കഴിഞ്ഞ ശേഷം രണ്ടു വാക്കു എന്നെക്കുറിച്ചും പറഞ്ഞിരുന്നു. എല്ലാവരും പക്ഷെ ഒരു കാര്യം പറഞ്ഞു , കൊച്ചിയിലേക്കാണ് പോകുന്നതെന്ന വിഷമമേയുള്ളു. എനിക്ക് അതൊന്നും മനസ്സിലായില്ല. എല്ലാം കഴിഞ്ഞു ഞാൻ കെ സി യോട് ചോദിച്ചു എന്താ ഇവരൊക്കെ ഇങ്ങനെ പറയുന്നതെന്ന് . കെ സി എന്നോട് പറഞ്ഞു…അവിടെ ന്യൂസ് എഡിറ്റർ വിജയ ശങ്കർ ആണ്. കർക്കശ സ്വഭാവം ആണെന്ന് മാത്രം. രാജേന്ദ്രൻ പേടിക്കുകയൊന്നും വേണ്ട . ഞാനൊക്കെയല്ലേ ചീഫ് സബ്. നോക്കാം.
കെ സി യുടെ ട്രെയിനിങ് കൊച്ചിയിൽ ആയിരുന്നു. അക്കാലത്തു കെ സി ക്കു ഇതൊക്കെ നന്നായി മനസ്സിലായിട്ടുണ്ട്. കൊച്ചിയിൽ വന്നപ്പോൾ കെ സി കൂടാതെ എൻ ബാലകൃഷ്ണൻ, കെ എസ് ജോസഫ് എന്നിവരും ചീഫ് സബ് എഡിറ്റർമാരായി ഉണ്ടായിരുന്നു. കൊച്ചിയിലെ ആരംഭകാലത്തു എനിക്ക് ബാലകൃഷ്ണൻ വലിയ പിന്തുണയാണ് നൽകിയത്. കോഴിക്കോട്ടെ അന്തരീക്ഷവും കൊച്ചിയിലെതും തമ്മിൽ അജഗജാന്തരമുണ്ടായിരുന്നു . കോഴിക്കോട് നല്ല മനുഷ്യരും എല്ലാവരുടെയും സഹകരണവും. കൊച്ചിയിൽ അക്കാലത്തു വലിയ ജാടയായിരുന്നു. പിന്നീട് കുറെ മാറ്റം വന്നിട്ടുണ്ട്.
വിജയശങ്കർ എന്ന ന്യൂസ് എഡിറ്ററുടെ ക്യാബിനെ ഇടിമുറി എന്നാണു ഞങ്ങൾ വിശേഷിപ്പിക്കാറ്. ചീത്ത പറയാനാണെങ്കിൽ അങ്ങോട്ട് വിളിപ്പിക്കും. അന്ന് കിടുകിടാ വിറച്ച പലരെയും ഓർമ്മയുണ്ട്. കൂസാത്തവരിൽ ഏറെ മുൻപിൽ സണ്ണിക്കുട്ടി ആയിരുന്നു. സണ്ണിയെ ന്യൂസ് എഡിറ്റർക്കു ഇഷ്ടവുമായിരുന്നു. കൊച്ചിയിൽ പിടിച്ചു നിൽക്കാൻ എനിക്ക് രണ്ടാഴ്ച പിടിച്ചു.