സ്വാശ്രയ മെഡിക്കൽ കേസിൽ ഇന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് അതിശയകരമാണ്. എം ബിബിഎസ്സിന് പതിനൊന്നു ലക്ഷം രൂപ ഫീസ് നിശ്ചയിക്കാൻ കോടതിക്ക് എന്താണ് പ്രത്യേക താൽപ്പര്യം എന്ന് മനസ്സിലാവുന്നില്ല. ഈ വിധിക്കു ശേഷവും നാല് ക്രിസ്ത്യൻ മെഡിക്കൽ കോളേജുകൾ തങ്ങൾക്കു അഞ്ചു ലക്ഷം മതി എന്ന് സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. പതിനൊന്നു ലക്ഷം വാങ്ങണം എന്ന് നിർബന്ധിക്കാൻ കോടതിക്ക് കഴിയില്ല. ആരെങ്കിലും ഫീസ് വേണ്ട എന്ന് പറഞ്ഞാൽ , പറ്റില്യ, വാങ്ങണം എന്ന് കോടതിക്ക് പറയാനാകുമോ ? കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തു എംഎ ബേബിയുടെയും മറ്റും പിടിവാശി കൊണ്ട് സർക്കാർ അല്ലോട്മെന്റിൽ നിന്ന് വിട്ടുനിന്ന ഈ നാല് കോളേജുകളും ഇപ്പോൾ കൈക്കൊണ്ട നടപടി അത്യധികം അഭിനന്ദനാർഹം തന്നെ. കോടതി വിധി വന്നു കുറച്ചു കഴിഞ്ഞു അതെ കുറിച്ച് എഫ് ബി യിൽ ഒരു പോസ്റ്റ് ഇട്ട എന്നെ ക്രിസ്ത്യൻ മെഡിക്കൽ കോളേജു ഫെഡറേഷന്റെ കോ ഓർഡിനേറ്റർ പി ജെ ഇഗ്നേഷ്യസ് ഫോണിൽ വിളിച്ചു കാര്യം അറിയിക്കുകയായിരുന്നു.
സ്വാശ്രയ കോളേജ് പ്രവേശനത്തിൽ കോടതികൾ കൈക്കൊള്ളുന്ന നടപടികൾ നോക്കിയാൽ രണ്ടു പതിറ്റാണ്ടിലേറെ പരസ്പര വിരുദ്ധമായ വിധികളാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്നു കാണാം. 1993 ൽ ഉണ്ണികൃഷ്ണൻ കേസിൽ പുറപ്പെടുവിച്ച വിധി മുതൽ പരിശോധിച്ചാൽ ഇത് വ്യക്തമാവും. അന്ന് സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് അമ്പതു ശതമാനം സീറ്റിൽ മെറിറ്റ് പ്രവേശനം കുറഞ്ഞ ഫീസിൽ വേണമെന്നും ബാക്കി സീറ്റിൽ കൂടിയ ഫീസ് വാങ്ങാമെന്നായിരുന്നു വിധി. പിന്നീട് 2002 ലും 2003 ലും തുടർന്ന് 2005 ലും തുടർച്ചയായി കോടതി നിലപാടുകൾ മാറ്റി. 2005 ൽ ടി എം എ പൈ കേസിൽ സുപ്രീം കോടതി പറഞ്ഞത് ഉണ്ണികൃഷ്ണൻ കേസിലെ വിധി ഭരണാഘടനാ വിരുദ്ധമാണെന്നാണ് . അപ്പോൾ അതിനർത്ഥം 93 മുതൽ 2005 വരെ നടന്ന പ്രവേശനം ഒക്കെ ഭരണഘടനാ വിരുദ്ധമാണെന്നല്ലേ ? ഇതൊക്കെ ആരോട് പറയാൻ ????
സ്വാശ്രയ മെഡിക്കൽ പ്രവേശനം എന്നും ഒരു വൻകിട ബിസിനസ് ആയിരുന്നു. കഴിഞ്ഞ യുപിഎ സർക്കാർ കൊണ്ടു വന്ന ദേശീയ ഏകീകൃത പരീക്ഷയായ നീറ്റ് പോലും സുപ്രീം കോടതി അസാധുവാക്കി. വിരമിക്കാനിരുന്ന ഒരു ജഡ്ജി വിരമിക്കുന്ന അന്ന് ആണ് ആ കുപ്രസിദ്ധമായ വിധി പുറപ്പെടുവിച്ചത്. പക്ഷെ ആ ബെഞ്ചിൽ അന്ന് ഒരംഗം (അനിൽ ദവെ) വിയോജന വിധി എഴുതി. പിന്നീട് വന്ന സർക്കാർ റിവ്യൂ ഹർജി നൽകിയപ്പോൾ അത് വന്നുപെട്ടതു അനിൽ ദവെ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെയാണ്. അവർ റിവ്യൂ ഹർജി സ്വീകരിക്കുകയും പിന്നീട് എല്ലാവരുടെയും നീണ്ടുനിന്ന വാദങ്ങൾ കേട്ട ശേഷം നീറ്റ് രാജ്യത്തിന് അനിവാര്യമാണെന്ന് വിധിയെഴുതുകയും ചെയ്തു.
തുടർന്ന് അനിൽ ദവെ അധ്യക്ഷനായ ബെഞ്ച് മാത്രമേ ഇത്തരം കേസുകൾ കൈകാര്യം ചെയ്തിരുന്നുള്ളു. അതുകൊണ്ടു ഇത്തരം കാര്യങ്ങളിൽ ഒരു സ്ഥിരത നിലവിൽ വന്നു. ഹൈക്കോടതികളോട് ഇത്തരം കേസുകൾ വന്നാൽ സുപ്രീം കോടതിക്ക് ട്രാൻസ്ഫർ ചെയ്യണം എന്നും ധീരമായി ആജ്ഞാപിച്ചു. സംയുക്ത കൗൺസിലിംഗ് നടത്താൻ ഉത്തരവിട്ടതും മറ്റും ആദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരുന്നു. അദ്ദേഹം 2016 നവംബർ 19 നു വിരമിച്ചു. തുടർന്നും കുറച്ചുനാൾ കേസുകൾ ആ വഴിക്കു പോയെങ്കിലും നീറ്റ് റദ്ദാക്കിയ ചീഫ് ജസ്റ്റിസിന്റെ മറ്റൊരു രൂപം അവിടെ ഇപ്പോഴും ഉണ്ടെന്നു , ഇന്നത്തെ വിധി കേട്ടപ്പോൾ തോന്നിപ്പോയി. ഇനി അടുത്ത വർഷം നീറ്റ് വേണ്ട എന്ന് പരമോന്നത കോടതി പറയില്ല എന്ന് എങ്ങനെ പറയാനാകും. കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്തുകയാണ് പോംവഴിയെന്നു അനിൽ ദവെയുടെ ബെഞ്ച് തന്നെ പറയുകയുണ്ടായി.
എനിക്ക് മനസ്സിലാവാത്തത് കോടതികൾ കേസിന്റെ മെറിറ്റ് നോക്കി തീരുമാനമെടുക്കുന്നതിന് പകരം ജഡ്ജിമാർ മാറിവരുമ്പോൾ കേസ് കൈകാര്യം ചെയ്യുന്ന മാറുന്ന രീതിയാണ്. ഈ അവസ്ഥ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ഒരു പോരായ്മയാമാണ്. ഞാൻ ഒരു ജഡ്ജിയായിരുന്നെങ്കിൽ കേസ് കൈകാര്യം ചെയ്യുമ്പോൾ വിദ്യാർഥിയുടെ പക്ഷത്തു നിന്ന് നോക്കുമായിരുന്നു…പക്ഷെ ഞാൻ പത്രപ്രവർത്തകനായി. അതുകൊണ്ടു ഒരു കാര്യം നന്നായി അറിയാം. കോടതിയലക്ഷ്യം എന്താണെന്ന്. വിധിയെ വിമർശിക്കാം ജഡ്ജിമാരെ വിമർശിക്കാൻ പാടില്ല എന്നതാണത്. അത് കൊണ്ടു തന്നെ ഞാൻ മുന്കരുതലോടെയാണ് ഇതെഴുതുന്നത്.